'കലോത്സവത്തിൽ നോൺ വെജ് അപ്രായോഗികം; സർക്കാർ ചർച്ചക്ക് തുടക്കമിട്ടത് ചേരിതിരിവുണ്ടാക്കാൻ'; കെപിഎ മജീദ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുക അപ്രായോഗികമാണെന്ന് മുസ്ലിം ലീഗ് നേതാവും എം ല്‍ എയുമായ കെ പി എ മജീദ്. ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണെന്നും മജീദ് കുറ്റപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചർച്ച ചെയ്യാതെ ഇനി നോൺ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. മതത്തിന്റെയും ജാതിയുടെയും പേരിൽ ചേരിതിരഞ്ഞ ചർച്ചകൾ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെപിഎ മജീദ് പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം നിർഭാഗ്യകരമാണ്. ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണ്. വർഷങ്ങളായി സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവർത്തിച്ചുവരുന്നുണ്ട്. ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ല. എന്നാൽ പുതിയ വിവാദം ആസൂത്രിതമാണ്.
കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽനിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നു. വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് അപ്രായോഗികവുമാണ്. ഒരേ പന്തിയിൽ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകൾ എന്നതും ശരിയായ കാര്യമല്ല.
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചർച്ച ചെയ്യാതെ ഇനി നോൺ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. മതത്തിന്റെയും ജാതിയുടെയും പേരിൽ ചേരിതിരഞ്ഞ ചർച്ചകൾ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ.
സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടത്. ഭക്ഷണത്തിൽ വിഭാഗീയത വേണ്ട', പോസ്റ്റിൽ മജീദ് പറഞ്ഞു.
അതേസമയം മുസ്ലീം ലീഗ് മുൻ എം എൽ എ കെഎം ഷാജിയും വിഷയത്തിൽ സർക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തെത്തി. കലോത്സവത്തിലെ യഥാർത്ഥ വിഷയങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം ചർച്ചകൾ കാരണമാകുമെന്നും നിരോധിച്ച സംഘടനയിലെ സൈലന്റ് പ്രൊഫൈലുകൾ ആണ് ഈ വിഷയം വെറുതെ പെരുപ്പിക്കുന്നതെന്നും കെഎം ഷാജി പറഞ്ഞു.'പത്ത് ദിവസം വെജ് കഴിച്ചാൽ ഒന്നും സംഭവിക്കില്ല. ഈ ചർച്ച തുടങ്ങിയത് അശോകൻ ചരുവിൽ എന്ന സി പി എം സാംസ്കാരിക നേതാവാണ്. ഭക്ഷണം വാങ്ങിയിട്ട് പറ്റുമെങ്കിൽ ഞണ്ണിയിട്ട് പോകാം എന്നല്ലാതെ അത് ഉണ്ടാക്കുന്നവന്റെ ട്രൗസർ പൊക്കിനോക്കുന്നത് വൃത്തികെട്ട സ്വഭാവമാണ്'
'അപ്പോ പിന്നെ കുറച്ച് നമ്മളാൾക്കാര് ഇറങ്ങി, നിരോധിച്ചതിന് ശേഷം വേറെ പണിയൊന്നുമില്ലാതെ ചിലരുണ്ടല്ലോ സോഷ്യൽ മീഡിയ ബുദ്ധി ജീവികൾ. അവർ അവിടെ കിടന്ന് പറഞ്ഞാൽ ആരും പ്രശ്നമുണ്ടാക്കില്ലല്ലോ. അപ്പോ അവൻ ചോദിക്കുകയാണ് വെജിറ്റേറിയൻ ഭക്ഷണമില്ല, എന്തുകൊണ്ട് നോൺ വെജില്ലെന്ന്. എന്നിട്ട് പറയാലോ ചത്ത കോഴി ഹലാലായ ഫുഡ്, പന്നിയെറിച്ച് വിളമ്പി, എന്നിട്ട് അതിന് കുഴപ്പുണ്ടാക്കണം അവർക്ക്. വിവിധ ജില്ലകളിൽ നിന്ന് വരുന്ന കുട്ടികളല്ലേ. എല്ലാവർക്കും വേറെ വേറെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് മര്യാദ കേടല്ലേ', ഷാജി ചോദിച്ചു.












Click it and Unblock the Notifications