പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ പദ്ധതി തുടങ്ങുന്നു, ക്യാഷ് ലെസ് ചികില്‍സ
തിരുവനന്തപുരം: പ്രവാസികള്‍ക്ക് നോര്‍ക്ക കെയര്‍ എന്ന പേരില്‍ ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങുന്നു. നാളെ വൈകീട്ടാണ് ഉദ്ഘാടനം. 16000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്‌ലെസ് ചികില്‍സ ഉറപ്പാക്കുന്ന പദ്ധതി പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉള്‍പ്പെടുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി.
നോര്‍ക്കയുടെ അറിയിപ്പ് വായിക്കാം: പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. നാളെ മുതല്‍ ഒക്ടോബര്‍ 22 വരെ നീളുന്ന നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിനും ഔദ്യോഗികമായി തുടക്കമാകും.

തിരുവനന്തപുരം ഹയാത്ത് റിജന്‍സിയില്‍ (ദ ഗ്രേറ്റ് ഹാള്‍) വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പും ചടങ്ങില്‍ പ്രകാശനം ചെയ്യും. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുളള ഇ-കാര്‍ഡ് ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ കൈമാറും.
നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍.
പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് 'നോര്‍ക്ക കെയര്‍'. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി. എന്‍ആര്‍കെ ഐഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലിസ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഗിരിജ സുബ്രമണ്യന്‍, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍, വിഷിഷ്ടാതിഥികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.












Click it and Unblock the Notifications