തുലാവർഷം എത്തി: രണ്ട് ചക്രവാതച്ചുഴി, സംസ്ഥാനത്ത് നാളെ 14 ജില്ലകളിലും യെല്ലോ അലർട്ട് ,ജാഗ്രത
തമിഴ്‌നാട്, പുതുച്ചേരി കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക, കേരളം,മാഹി എന്നിവിടങ്ങളിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് .അതോടൊപ്പം കാലവർഷം രാജ്യത്തു നിന്ന് ഇന്ന് പൂർണമായും പിൻവാങ്ങിയതായും വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലാണിത്. കൂടാതെ
തെക്കൻ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാത ചുഴിയും ഉണ്ട്. ഈ സാഹചര്യത്തിൽ
19 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നും നാളേയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40-50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. അതേസമയം നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും യെല്ലോ അലർട്ടാണ്. 17 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അലർട്ട്. 18 ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 19 ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
കേരളത്തിൽ ഇക്കുറി കാലവർഷം ദുർബലമായിരുന്നു. ആകെ 1446.5 മില്ലിമീറ്റർ മഴ മാത്രമാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. 2001 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവർഷമാണ് ഇത്തവണത്തേത്. എൽനിനോ പ്രതിഭാസമാണ് മഴയ്ക്ക് വില്ലനായത്. രാജ്യത്തൊട്ടാകേയും മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം തുലാവർഷത്തിൽ മിതമായ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications
