മൊണാലിസയ്ക്ക് ബോചെ 15 ലക്ഷം കൊടുത്തിട്ടില്ലേ? ലഭിച്ചത് ഇത്ര മാത്രം, സഹോദരി പറയുന്നു
പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ മോനി ബോസ്ലെ എന്ന മൊണാലിസ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയെ ആകര്‍ഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് പ്രശസ്തയാക്കിയത്. ഇതോടെ 16 കാരിയായ മൊണാലിസയുടെ ജീവിതം ഒറ്റ രാത്രി കൊണ്ട് കീഴ്മേല്‍ മറിഞ്ഞു.
ബോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ തൊട്ട് പല ബ്രാന്‍ഡുകളുടേയും മോഡല്‍ വരെയാക്കാനുള്ള വാഗ്ദാനം മൊണാലിസയ്ക്ക് ലഭിച്ചിരുന്നു. ഇതിനിടെ കേരളത്തില്‍ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ പരിപാടിക്കായി ബോബി ചെമ്മണ്ണൂര്‍ മൊണാലിസയെ കൊണ്ടുവന്നിരുന്നു. 15 ലക്ഷം രൂപയ്ക്കാണ് മൊണാലിസയെ ബോബി ചെമ്മണ്ണൂര്‍ എത്തിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഒറ്റ രാത്രി കൊണ്ട് ജീവിതം അടിമുടി മാറിയ മൊണാലിസയ്ക്ക് ആഡംബര കാറും കൂറ്റന്‍ ബംഗ്ലാവും സമ്മാനമായി ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മൊണാലിസയുടെ സഹോദരി ഇഷിക. മൊണാലിസയ്ക്ക് അത്തരം സമ്മാനങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നും ഈ അവകാശവാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് എന്നും ഇഷിക വ്യക്തമാക്കി.
മൊണാലിസയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ ചില ആളുകള്‍ ഈ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ് എന്നും കേരള സന്ദര്‍ശന വേളയില്‍ മൊണാലിസയ്ക്ക് 2 ലക്ഷം രൂപ സമ്മാനമായി ലഭിച്ചെങ്കിലും ഒരു ആഡംബര വസ്തുവകകളും അവര്‍ക്ക് നല്‍കിയിട്ടില്ലെന്നും ഇഷിക പറഞ്ഞു. വരാനിരിക്കുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്ന സിനിമയിലെ തന്റെ വേഷത്തിലും അഭിനയത്തിലുമാണ് മൊണാലിസ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി.
ഇന്റര്‍നാഷണല്‍ ന്യൂസ് ആന്റ് വ്യൂസ് കോര്‍പ്പറേഷന്‍ എന്ന പോര്‍ട്ടലാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്. 'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്ന ചിത്രത്തിലെ തന്റെ വേഷത്തിനായി മൊണാലിസ ഇപ്പോള്‍ ആക്ടിംഗ് ക്ലാസുകളില്‍ ചേര്‍ന്നിട്ടുണ്ട്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍', സാമൂഹിക വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടിയുടെ നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് പറയുന്നത്.
അതേസമയം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും മൊണാലിസയുടെ കുടുംബം അവര്‍ക്ക് ചുറ്റും കെട്ടിച്ചമയ്ക്കപ്പെടുന്ന തെറ്റായ വിവരങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ഇത്തരം കിംവദന്തികള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, മൊണാലിസയുടെ വളര്‍ന്നു വരുന്ന കരിയറില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് ഇഷിക പറഞ്ഞു.












Click it and Unblock the Notifications