ഒരു പേറ്റൻ്റ് പോലും ഇല്ല, പുസ്തകവും ഇല്ല, ആകെ സംഘപരിവാർ ദാസ്യം മാത്രം';സിസ തോമസിനെതിരെ തോമസ് ഐസക്
കാലടി സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഇരിക്കുവാൻ സിസ തോമസിൻ്റെ യോഗ്യത സംഘപരിവാറിനോടുള്ള വിധേയത്വം മാത്രമാണെന്ന് തോമസ് ഐസക്. സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ആകാൻ സംസ്കൃതത്തിന്റെ ബാലപാഠമോ ദർശനമോ സാഹിത്യമോ കലയോ ഒന്നും അറിയില്ല. ഇതുവരെ ഒരു പേറ്റൻ്റ് ഇല്ല. ഒരു പുസ്തകം പോലും രചിച്ചിട്ടില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘിവൽക്കരിക്കാനുള്ള ഉപകരണങ്ങളിലൊന്ന് മാത്രമാണ് ഇവർ എന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'സിസ തോമസ്, ഒരു സർവകലാശാല വൈസ് ചാൻസലർ ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത? ഇന്ത്യയിലുടനീളം സംഘികൾ നിയമിച്ചുകൊണ്ടിരിക്കുന്ന വൈസ് ചാൻസലർമാർക്ക് നിർബന്ധമായുള്ള ഒറ്റ യോഗ്യതയേയുള്ളൂ- സംഘപരിവാറിനോടുള്ള വിധേയത്വം. നിങ്ങൾക്കും അത്രയേയുള്ളൂ.

സംഘികൾ കേരളത്തിൽ വൈസ് ചാൻസലർമാരായും ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും നിയമിച്ചിട്ടുള്ള വിദ്വാന്മാരുടെ മുഴുവൻ അക്കാദമിക് ഓഡിറ്റ് ചെയ്യും. സിസ തോമസിന്റേത് ആദ്യത്തേത് ആകട്ടെ. ശാസ്ത്രജ്ഞ എന്നല്ലേ ഭാവം? ഒരു പേറ്റന്റ് ഇതുവരെ എടുത്തിട്ടുണ്ടോ? രണ്ടെണ്ണത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നാകും മറുപടി. അതും സഹഉടമസ്ഥതയിൽ. പേറ്റന്റിന് അപേക്ഷിക്കുന്നതും ലഭിക്കുന്നതും രണ്ടാണ്. നിങ്ങളുടെ പേരിൽ ഒരു പേറ്റന്റ് പോലുമില്ല എന്നതാണ് സത്യം.
എത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്? 8 പുസ്തകങ്ങൾ എന്നാണ് അവകാശവാദം. 7 ഉം മറ്റുള്ളവർ എഴുതിയ പ്രബന്ധ സമാഹാരങ്ങളുടെ സഹ എഡിറ്റർ എന്ന സ്ഥാനമാണ്. 8-ാമത്തേത് തയ്യാറായി വരുന്നേയുള്ളൂ. പ്രസിദ്ധീകരിച്ച 7 പുസ്തകങ്ങളുടെയും പ്രസാധകർ IntechOpen ആണ്. ഇതൊരു ഓപ്പൺ അക്സസ് (open access) പ്രസാധകരാണ്. ഒന്നുപോലും അച്ചടിച്ച പുസ്തകമല്ല. പിയർ റിവ്യൂ (peer review) ഉണ്ടെന്നാണ് വയ്പ്പ്. പക്ഷേ, ശാസ്ത്രലോകത്ത് ഇത് നിലവാരം പുലർത്തുന്നതോ, ഉയർന്ന അംഗീകാരമുള്ളതോ ആയ Springer, Elsevier, IEEE പോലുള്ള ഒരു മുഖ്യധാരാ പ്രസാധകരല്ല. വളരെ ഉയർന്ന ഫീസ് വാങ്ങി (ഒരു അധ്യായത്തിന് 1000-2000 ഡോളർ വീതം) പബ്ലിഷ് ചെയ്യുന്ന പാരമ്പര്യമാണ് അവർക്കുള്ളത്. ഒരു പുസ്തകം പോലും ഈ സ്ഥാപനത്തിന് പുറത്ത് സിസ തോമസിന് ഇല്ലായെന്നുള്ളത് അവർക്കെതിരെയുള്ള ഏറ്റവും വലിയ അക്കാദമിക് ബ്ലാക്ക് മാർക്കാണ്.
സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ആകാൻ സംസ്കൃതത്തിന്റെ ബാലപാഠമോ ദർശനമോ സാഹിത്യമോ കലയോ എന്തെങ്കിലും ഒന്നിൽ പ്രാവീണ്യം വേണ്ടേ? സംസ്കൃതത്തിന്റെ അക്ഷരമാലപോലും അറിയാത്ത നിങ്ങൾക്ക് എന്ത് യോഗ്യത?
ശരിയാണ്. നിങ്ങൾ എഞ്ചിനീയറിംഗ് കോളെജിൽ അധ്യാപികയും പ്രൊഫസറും പ്രിൻസിപ്പലും ആയിട്ടുണ്ട്. വൈസ് ചാൻസലർ ആകാനുള്ള അക്കാദമിക് യോഗ്യതയല്ല ഇത്. നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർത്ഥികളുടെ പഠനത്തെയും അച്ചടക്കത്തെയും കുറിച്ച് ഗീർവാണം മുഴക്കാൻ?
നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘിവൽക്കരിക്കാനുള്ള ഉപകരണങ്ങളിലൊന്ന് മാത്രമാണ് നിങ്ങൾ. അതിനുവേണ്ടി സ്വന്തം വിദ്യാർത്ഥികൾക്കെതിരെ കള്ളസാക്ഷ്യം പറയുന്ന അധ്യാപികയാണ് നിങ്ങൾ. വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ ഗൂഡാലോചന നടത്തുന്നവരാണ് നിങ്ങൾ.
ലോകമെമ്പാടും ആർത്തലയ്ക്കുന്ന വിദ്യാർത്ഥി സമരങ്ങൾ നോക്കൂ. പോട്ടേ, അത്രയ്ക്ക് വായനാശീലമൊന്നും ഉണ്ടാകണമെന്നില്ല. ചുരുങ്ങിയത് ജന്തർ മന്തർ 1.0 ന്റെയും ജന്തർ മന്തർ 2.0 ന്റെയും ചുവരെഴുത്തുകളെങ്കിലും വായിക്കൂ.
വിദ്യാർത്ഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്. അവരോടൊപ്പം ഞങ്ങളെല്ലാം ചേരാൻ പോവുകയാണ്. സമരം തുടങ്ങിയിട്ടേയുള്ളൂ.


Click it and Unblock the Notifications
