അബിനേയും അഭിയേയും ഒഴിവാക്കി; ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വം. ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും. ലൈംഗികാരോപണത്തില്‍ കുടുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചതിന് ശേഷം രണ്ട് മാസത്തോളമായി യൂത്ത് കോണ്‍ഗ്രസില്‍ പകരം അധ്യക്ഷനെ നിയമിച്ചിരുന്നില്ല. ഇതില്‍ സംഘടനയ്ക്കുള്ളില്‍ തന്നെ അമര്‍ഷം പുകയുന്നതിനിടെയാണ് പുതിയ നേതൃത്വത്തെ തീരുമാനിച്ചിരിക്കുന്നത്.
ബിനു ചുള്ളിയില്‍ ആണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റ്. അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വലിയ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന അബിന്‍ വര്‍ക്കിയേയും കെഎം അഭിജിത്തിനേയും മറികടന്നാണ് ജനീഷ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. അബിന്‍ വര്‍ക്കിയേയും കെഎം അഭിജിത്തിനേയും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കുന്നത്.

ഇത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യം കൂടി അടിവരയിടുന്നതാണ്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് തീരുമാനമെടുത്തത്. സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിയെ അധ്യക്ഷനാക്കണം എന്ന് സംഘടനയ്ക്കുള്ളില്‍ തന്നെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഷാഫി പറമ്പില്‍ - രാഹുല്‍ മാങ്കൂട്ടത്തില്‍ വിഭാഗം ഇതിനെ ശക്തിയായി പ്രതിരോധിച്ചിരുന്നു. ബിനു ചുള്ളിയിലിന് വേണ്ടി കെ സി വേണുഗോപാലും അബിന്‍ വര്‍ക്കിക്ക് വേണ്ടി രമേശ് ചെന്നിത്തലയും കെ എം അഭിജിത്തിന് വേണ്ടി എം കെ രാഘവന്‍ ഉള്‍പ്പടെയുള്ളവരും സജീവമായി ഇടപെട്ടിരുന്നു. എല്ലാവരും മുന്നോട്ട് വെച്ച പേരുകള്‍ക്ക് ഭാരവാഹിത്വം നല്‍കിയാണ് ദേശീയ നേതൃത്വം പേരുകള്‍ പുറത്തിറക്കിയത് എന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ സാമുദായിക സമവാക്യം കൂടി പരിഗണിച്ചതാണ് ജനീഷിന് തുണയായത്. തൃശൂര്‍ സ്വദേശിയാണ് ജനീഷ്. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ ജനീഷ് പെരുമ്പാവൂര്‍ പോളിടെക്‌നിക്കിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്, കെഎസ്‌യു മാള നിയോജകമണ്ഡലം പ്രസിഡന്റ്, കെഎസ്‌യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.
2010 മുതല്‍ 2012 വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications