'ഇന്ത്യ' എന്ന് പറഞ്ഞാൽ മാത്രം പോരെ; വിശ്വാസ്യാത ഉണ്ടാകണമെങ്കിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണം'; ബ്രിട്ടാസ്
നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് തിരിച്ചടിയിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി.ബിജെപി എന്ന വൻവിപത്തിനെ പ്രതിരോധിക്കാൻ സംഘടനാപരവും ആശയപരവുമായ ദൃഢത കോൺഗ്രസിനില്ലെന്ന വസ്തുതക്കാണ് തിരഞ്ഞെടുപ്പ് ഫലം അടിവരയിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ നേരിടാൻ സങ്കുചിതമായ നിലപാടുകൾ വെടിയേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവാണ് കോൺഗ്രസിനും മറ്റു പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഇന്ത്യ എന്ന മുന്നണിയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ അതിന് വിശ്വാസ്യാത ഉണ്ടാകണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ ആദ്യം കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-'സംസ്ഥാന നിയമസഭകളുടെ ജനവിധി പ്രാഥമികമായി അപഗ്രഥിക്കുമ്പോൾ വ്യക്തമാകുന്ന കാര്യങ്ങൾ പലതാണ്.
1. ഉത്തരേന്ത്യൻ ഭൂമിയിൽ കോൺഗ്രസിന് ശക്തമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അഞ്ചുവർഷം മുമ്പ് ഉണ്ടായിരുന്ന നേട്ടങ്ങൾ പോലും ബിജെപിക്ക് അടിയറ വെച്ചു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ അതേപോലെ അനുകരിക്കാനാണ് കമൽനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പരിശ്രമിച്ചത്. ഇന്ത്യ മുന്നണിയുടെ പതാക വാഹകരാണ് തങ്ങൾ എന്ന് പറയുകയും ചെറുകക്ഷികളെ പൂർണമായി മാറ്റിനിർത്തി ബിജെപിയെ നേരിടാൻ തങ്ങൾ മാത്രം മതിയെന്ന ധാർഷ്ട്യമാണ് കോൺഗ്രസ് പ്രകടിപ്പിച്ചത്. ബിജെപി എന്ന വൻവിപത്തിനെ പ്രതിരോധിക്കാൻ സംഘടനാപരവും ആശയപരവുമായ ദൃഢത കോൺഗ്രസിനില്ലെന്ന വസ്തുതക്കാണ് തിരഞ്ഞെടുപ്പ് ഫലം അടിവരയിട്ടത്.
2. തെലുങ്കാനയിലെ കോൺഗ്രസിന്റെ വിജയം ശ്രദ്ധേയമാണ്. ബിആർഎസും ബിജെപിയും തമ്മിൽ രഹസ്യബാന്ധവമുണ്ടെന്ന പ്രചരണമാണ് കോൺഗ്രസ് പ്രധാനമായും അവിടെ ഉയർത്തിയത്. ബിജെപിയുമായുള്ള രഹസ്യ നീക്കുപോകുകൾ ബിആർഎസിന് മാത്രമല്ല ഒവൈസിക്കും വില നൽകേണ്ടി വന്നു. കേരളത്തിലെ കോൺഗ്രസിന് ഇതൊരു പാഠമാണ്.
3. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയ നേടിയ ഇടങ്ങളിൽ തന്നെയാണ് ബിജെപി ജൈത്രയാത്ര നടത്തിയിരിക്കുന്നത്. 2024ൽ ഇവിടെ നില മെച്ചപ്പെടാൻ ഇവിടെ ഒരു ഇടവും ബാക്കിയില്ലെന്ന് അർത്ഥം. അതേസമയം കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി രണ്ടാം സ്ഥാനത്ത് തങ്ങൾ എത്തി എന്ന് ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്ന ബിജെപി തെലുങ്കാനയിൽ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തന്നെ എത്തപ്പെട്ടു. ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കവാടം അടഞ്ഞു തന്നെ കിടക്കും.
ബിജെപിയെ നേരിടാൻ സങ്കുചിതമായ നിലപാടുകൾ വെടിയേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവാണ് കോൺഗ്രസിനും മറ്റു പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഇന്ത്യ എന്ന മുന്നണിയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ അതിന് വിശ്വാസ്യാത ഉണ്ടാകണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ ആദ്യം കോൺഗ്രസ് മുന്നിട്ടിറങ്ങണം.












Click it and Unblock the Notifications