'ജീവിതത്തില്‍ ഇന്നേവരെ ആരേയും അപമാനിച്ചിട്ടില്ല, സംഭവിച്ചത് ഇത്..'; പ്രതികരിച്ച് രമേഷ് നാരായണ്‍
കൊച്ചി: എംടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങള്‍' ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയെ അപമാനിച്ചു എന്ന ആരോപണത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍. താന്‍ ആസിഫിനെ മനപൂര്‍വം അപമാനിച്ചിട്ടില്ല എന്നും അത് എങ്ങനെ സംഭവിച്ചു എന്ന് തനിക്കറിയില്ല എന്നും രമേഷ് നാരായണ്‍ പറഞ്ഞു.
സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിവാദമായതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. 'മനോരഥങ്ങള്‍' ആന്തോളജി സീരിസിലെ 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആണ്. ജയരാജാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ചടങ്ങില്‍ ആസിഫ് അലിയില്‍ നിന്ന് മൊമന്റോ സ്വീകരിക്കാന്‍ രമേഷ് നാരായണന്‍ മടി കാണിച്ചു താരത്തെ അപമാനിച്ചു എന്നുമായിരുന്നു ഉയര്‍ന്ന ആരോപണം.

രമേഷ് നാരായണന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
ഒരിക്കലും എന്റെ ജീവിതത്തില്‍ ആരേയും ഞാന്‍ അപമാനിച്ചിട്ടില്ല. അപമാനിക്കാനുള്ള ഉദ്ദേശ്യവുമില്ല, ഒരിക്കലും അപമാനിക്കില്ല. ഒരാളുടെ അടുത്തും ഒരു വിവേചനവും കാണിക്കാത്ത ആളാണ് ഞാന്‍. ആസിഫ് അലിയെ എനിക്കേറെ ഇഷ്ടമാണ്. അത് എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ആസിഫ് അലിയുടെ കൈയില്‍ നിന്ന് ഞാന്‍ അവാര്‍ഡ് സ്വീകരിക്കുന്നു. അതിന് മുന്‍പെ ആന്തോളജിയിലെ ജയരാജിന്റെ സിനിമക്ക് ഞാന്‍ സംഗീതം കൊടുത്തിട്ടുണ്ട്.
ആ വേദിയില്‍ രഞ്ജിത്തിന്റെ പടമുണ്ട്. ആ വേദിയില്‍ രഞ്ജിത്തിന്റെ ക്രൂ ഉണ്ട്. അവിടേക്ക് മ്യൂസിക് ഡയറക്ടറെ വിളിക്കുന്നുണ്ട്. എല്ലാ മ്യൂസിക് ഡയറക്ടേഴ്‌സിനേയും വിളിക്കുന്നുണ്ട്. അപ്പോള്‍ ജയരാജിന്റെ ഊഴമെത്തിയപ്പോള്‍ ജയരാജിനേയും ക്രൂവിനേയും വിളിക്കുന്നു. എന്റെ പേര് അവിടെ പരാമര്‍ശിക്കുന്നില്ല, വിളിക്കുന്നില്ല. ഞാന്‍ ചെറുതായി അപ്‌സെറ്റായി. ഞാനത് സാരമില്ല എന്ന് വിചാരിച്ച് എംടിയുടെ മകളോട് പോയ്‌ക്കോട്ടെ എന്ന് ചോദിച്ചു.
എനിക്ക് തിരുവനന്തപുരത്തെത്തണം എന്ന് പറഞ്ഞു. അപ്പോള്‍ അശ്വതി പറഞ്ഞു, സാറ് സ്റ്റേജില്‍ കയറിയില്ലേ, മൊമന്റോ വാങ്ങിയില്ലേ എന്ന്. ഇല്ല എന്ന് പറഞ്ഞപ്പോള്‍ അശ്വതി പോയി അവതാരകയോട് കാര്യം പറയുകയും എന്നെ വിളിക്കുകയുമായിരുന്നു. എന്റെ പേര് വിളിക്കുന്നത് പോലും സന്തോഷ് നാരായണ്‍ എന്നാണ്. അത് കഴിഞ്ഞ് ആസിഫ് അലി വരുന്നു. ആസിഫ് അലിയില്‍ നിന്ന് ഞാന്‍ മൊമന്റോ വാങ്ങിച്ചു.
എനിക്കൊരാഗ്രഹം ഉണ്ടായിരുന്നു, ജയരാജ് കൂടി ഇരിക്കുന്നുണ്ട് മുന്നില്‍. ജയരാജ് കൂടി വരണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ഞാന്‍ അദ്ദേഹത്തെ വിളിച്ചതാണ്. ആസിഫ് അലിയുടെ കൈയില്‍ നിന്ന് വാങ്ങിച്ച മൊമന്റോ എന്റെ കൈയിലിരിക്കുകയാണ്. ജയരാജ് വന്ന് കഴിയുമ്പോഴേക്ക് ആസിഫ് അലി ഇല്ല അവിടെ. ആസിഫ് അലിയെ വിഷ് ചെയ്യുകയും പുറത്ത് കൈ തട്ടുകയും ചെയ്തിട്ടുണ്ട്.
ഇതാണ് നടന്നത്. കരുതിക്കൂട്ടി ഞാന്‍ ചെയ്തിട്ടില്ല. ആസിഫ് അലി ഏറെ ഇഷ്ടപ്പെട്ട താരമാണ്. ആസിഫ് അലി, ഫഹദ് ഇവരൊക്കെ അല്ലേ ഭാവിയിലെ താരങ്ങള്‍.












Click it and Unblock the Notifications