ഐസക്കിന് അല്ല മനോരമേ, നിങ്ങളുടെ സ്വന്തം ഇ.ഡിയ്ക്കാണ് അടി കിട്ടിയത്: ആനാവൂർ നാഗപ്പന്‍
കിഫ്ബി വിഷയത്തില്‍ ഇന്നലെ ഹൈക്കോടതിയിൽ നിന്നും ഇ ഡി യ്ക്ക് ഉണ്ടായത് അതിശക്തമായ തിരിച്ചടിയാണെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. തോമസ് ഐസക്കിന്റെ ഹർജി പരിഗണിച്ച കോടതി ഇ ഡിയോട് രണ്ടു മാസത്തേയ്ക്ക് എല്ലാ സമൻസ് നടപടികളും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. ഹർജിയുടെ വിശദാംശങ്ങൾ ഏവർക്കും അറിയാവുന്നതാണ്.
പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും വരുതിയിലാക്കാൻ കേന്ദ്ര അന്വഷണ ഏജൻസികളെ ഉപയോഗിക്കുന്ന തന്ത്രം ബിജെപി അധികാരത്തിൽ എത്തിയ ശേഷം വൻതോതിൽ കൂടിയിട്ടുണ്ട്. ഇ ഡി മാത്രം ഏതാണ്ട് നാലിരട്ടിയോളം കേസുകളാണ് ഈ കാലത്ത് എടുത്തിട്ടുള്ളത്. ഇതിൽ 95% കേസുകളും പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആണ്. എന്നാൽ അതിൽ ഒരൊറ്റ കേസിൽ പോലും പ്രതി സ്ഥാനത്തില്ലാത്ത ഇന്ത്യയിലെ ഒരേ ഒരു രാഷ്ട്രീയ പ്രസ്ഥാനം സിപിഐ എം ആണെന്നത് അഭിമാനകരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

വസ്തുത ഇതായിരിക്കെ കേരളത്തിലെ സി പി ഐഎം നേതാക്കളെയും എൽ ഡി എഫ് സർക്കാരിനെയും തകർക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ വിവിധ കേന്ദ്ര ഏജൻസികൾ കൊണ്ട് പിടിച്ച് പരിശ്രമിക്കുകയാണ്. അത്തരത്തിലുള്ള ഒരു നീക്കത്തിനാണ് ബഹു ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായിരിക്കുന്നത്.

പ്രഥമദൃഷ്ട്യാപോലും ഐസക്കിനെതിരെ കേസ് ഇല്ലാത്ത ഒരു കാര്യത്തിൽ ഇഡി നടത്തുന്ന ചില നീക്കങ്ങൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ഡോ. തോമസ് ഐസക്കിന്റെ പരാതിയിൽ കഴമ്പുണ്ട് എന്നാണ് ഇന്നലെ വീണ്ടും തെളിഞ്ഞത്. അതിനുള്ള അവകാശം ഇഡിക്ക് ഇല്ല എന്നാണ് വ്യക്തമാകുന്നത്. ഹർജിക്കാരന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഇ ഡി ഒളിച്ചോടുന്നത് ഇത് ആദ്യമായിരിക്കും. ഇതുപോലെ ചോദ്യം ഉന്നയിക്കുമെന്നോ ചെറുത്ത് നിൽക്കുമെന്നോ അവർ കരുതിയില്ല. ഒരൊറ്റ സമൻസിൽ അവരുടെ രാഷ്ട്രീയ യജമാനന്മാർക്ക് കീഴടങ്ങുന്ന രാഷ്ട്രീയ നേതാക്കളെ കണ്ട് ശീലിച്ചതിന്റെ കുഴപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നാൽ മനോരമയുടെ വാർത്ത കണ്ടാൽ തോന്നുക തോമസ് ഐസക്കിന് എന്തോ ബുദ്ധിമുട്ട് ഉണ്ടായെന്നും, അതിന് ഇപ്പോൾ അല്പം ആശ്വാസം കിട്ടിയെന്നുമാണ്. ചില ജീവികൾ നടുക്കടലിൽ ചെന്നാലും വെള്ളം നക്കിയല്ലേ കുടിക്കു. എങ്ങനെ വീണാലും അത് സിപിഐ എമ്മിന്റെ നെഞ്ചത്താവണമെന്ന് മാത്രമേ മനോരമയ്ക്കുള്ളു. അതിന് എന്ത് നാണം കെട്ട കാര്യവും ചെയ്യാൻ അവർക്ക് യാതൊരു മടിയുമില്ല. ഒരു മാധ്യമസ്ഥാപനം എങ്ങനെയൊക്കെ ആകരുത് എന്നതിന് മനോരമയെ നിസംശയം ഉദാഹരിക്കാൻ കഴിയും.

ഐസക്ക് ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകണം എന്നായിരുന്നു കോടതി വിധിയെങ്കിൽ ഐസക്കിനും സി പി ഐ എം നും വൻ തിരിച്ചടി എന്നായിരുന്നേനെ വാർത്തകളുടെ തലക്കെട്ട്. അന്തിചർച്ചയിലും പത്രങ്ങളുടെ മുൻപേജിലും ഇതൊരു ആഘോഷമായിരുന്നേനെ എന്നകാര്യത്തിൽ ആർക്കും സംശയത്തിന് ഇടയില്ല. ഐസക്കിന്റെയും സി പി ഐ എംന്റെയും വാദഗതികളാണ് ശരിയെന്ന് നീതിപീഠം പ്രഖ്യാപിച്ചപ്പോൾ ചർച്ചയുമില്ല ആഘോഷവുമില്ല.

മാത്രമല്ല, കുറ്റവാളിയായ ഐസക്കിന് കോടതിയുടെ ആനുകൂല്യം കിട്ടി എന്ന പ്രതീതി ജനിപ്പിക്കണം എന്ന ദുരുദ്ദേശത്തോടെ തന്നെയാണ് " ഐസക്കിന് ആശ്വാസം: എന്ന തലക്കെട്ട് വലതുപക്ഷ മാധ്യമങ്ങൾ ഒരുപോലെ പടച്ച് വിട്ടത്. ഇവറ്റകളെ എന്ത് പറയാൻ ? ഇനിയെങ്കിലും ഞങ്ങൾ നടത്തുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനം ആണെന്ന് നടിക്കാതെ, യുഡിഎഫിന്റെയും ബിജെപിയുടെയും കങ്കാണി പണിയാണ് ചെയ്യുന്നത് എന്ന് തുറന്ന് സമ്മതിച്ച് പോകുന്നതാവും നല്ലത്. സ്വന്തം പണം മുടക്കി ഈ പത്രങ്ങൾ വാങ്ങുന്ന വായനക്കാരെയും പ്രേക്ഷകരെയും വഞ്ചിക്കുന്നതിന് ഒരു പരിധിയൊക്കെ ഉണ്ടാകുന്നത് നല്ലതെന്നും ആനാവൂർ നാഗപ്പന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications