'രാജീവ് ചന്ദ്രശേഖരൻ അല്ല ആര് വന്നിട്ടും കാര്യമല്ല, സുരേന്ദ്രനെ കൊള്ളാത്തത് കൊണ്ടാണല്ലോ മാറ്റിയത്'; ഇപി ജയരാജൻ
രാജീവ് ചന്ദ്രശേഖർ എന്ന ആര് വന്നാലും കേരളത്തിൽ ബി ജെ പിയെ വളർത്താൻ സാധിക്കില്ലെന്ന് മുൻ എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. മതേതരത്വം ആഗ്രഹിക്കുന്ന ജനതയാണ് ഇവിടെ ഉള്ളത്. ആ ജനത ബി ജെ പിയെ ഒറ്റപ്പെടുത്തും. തൃശൂരിലെ ജനങ്ങൾ വൈകാതെ അവർക്ക് പറ്റിയിരിക്കുന്ന തെറ്റ് തിരുത്തുമെന്നും ഇപി ജയരാജൻ പറഞ്ഞു.
'ആർ എസ് എസ് നയിക്കുന്ന സംഘടനയാണ് ബി ജെ പി, ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത പാർട്ടി. ബി ജെ പി കേരളത്തിന്റെ താത്പര്യങ്ങൾക്കെതിരായിട്ടുള്ള നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ അവർ കേരളത്തിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനാധപത്യവും ഫെഡറലിസവും കാത്തുസൂക്ഷിക്കാൻ, ഐക്യവും മതേതരത്വും നിലനിർത്താൻ ഇടതുപക്ഷ മതേതര ശക്തികളെ ശക്തിപ്പെടുത്തുകയാണ് ജനം ചെയ്യേണ്ടത്. ബി ജെ പിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധക്കില്ല.

രാജീവ് ചന്ദ്രശേഖർ എന്നല്ല ആര് വന്നാലും കേരളത്തിൽ ബി ജെ പിയെ വളർത്താൻ സാധിക്കില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക കാലഘട്ടത്തിൽ അവർ ഉയർന്ന് വന്നിട്ടുണ്ടാകും. പക്ഷെ അതിന്റെ തകർച്ച ഉണ്ടാകും. ഇന്ത്യയിലെ ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നത്. മതേതരത്വം ആഗ്രഹിക്കുന്ന ജനതയാണ് ഇവിടെ ഉള്ളത്. ആ ജനത ബിജെപിയെ ഒറ്റപ്പെടുത്തും. തൃശൂരിലെ ജനങ്ങൾ വൈകാതെ അവർക്ക് പറ്റിയിരിക്കുന്ന തെറ്റ് തിരുത്തും.
ഇന്നലെ വരെ സുരേന്ദ്രൻ തന്നെ തുടരുമെന്നായിരുന്നു വാർത്തകൾ. എന്തായാലും ബി ജെ പിയിൽ പുതിയ അധ്യക്ഷന്റെ വരവ് പ്രശ്നങ്ങളുണ്ടാക്കിയേക്കും. പലരും കുപ്പായം തുന്നി നടന്നതാണ്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പ്രശ്നങ്ങൾ ബി ജെ പിയിൽ ശക്തിപ്പെടാനുള്ള സാധ്യത കാണുന്നുണ്ട്. മാധ്യമ സ്ഥാപനം നടത്തലും ബിസിനസുമൊന്നുമല്ല രാഷ്ട്രീയം, ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കലാണ്. ബി ജെ പിയെ ജനങ്ങൾ തിരസ്കരിക്കുക തന്നെ ചെയ്യും, ആ കാലം വിദൂരമല്ല. രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് കൂടുതലായി ഇപ്പോൾ പറയുന്നില്ല. അയാൾ വരട്ടെ പ്രവർത്തിക്കട്ടെ, എന്നിട്ട് അഭിപ്രായം പറയാം. മുൻ സംസ്ഥാന അധ്യക്ഷനെ കുറിച്ചും ഒന്നും പറയാനില്ല, അദ്ദേഹത്തെ കൊള്ളാത്തത് കൊണ്ടാണല്ലോ ബി ജെ പി തന്നെ ആളെ ഒഴിവാക്കിയത്', ഇപി ജയരാജൻ പറഞ്ഞു.












Click it and Unblock the Notifications