ആറാം ദിവസം അല്ല, ആദ്യ ദിവസങ്ങളിൽ തന്നെ ആലപ്പുഴയിലുണ്ട്, പരാതി നൽകി മന്ത്രി എം ലിജു
ആലപ്പുഴയിൽ വെള്ളം കയറി ആറാം ദിവസം മാത്രമാണ് ചുമതലക്കാരനായ മന്ത്രി എത്തിയതെന്ന വാർത്തയ്ക്ക് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി മന്ത്രി എം ലിജു. ഇത് വ്യാജ വാർത്തയാണെന്ന് ആരോപിച്ച മന്ത്രി ഓഗസ്റ്റ് 2ാം തിയ്യതി മുതൽ നടത്തിയ പ്രവർത്തനങ്ങൾ ഫേസ്ബുക്ക് പേജിൽ അക്കമിട്ട് നിരത്തുകയും ചെയ്തു.
ദുരന്തമുഖത്തും വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയലാഭം ലക്ഷ്യമിടുന്നവർക്കെതിരെ ഒരുതരത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഇത്തരക്കാർക്കെതിരെ ഇനിയും നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
എം ലിജു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഓഗസ്റ്റ് 02
• ആലപ്പുഴ ജില്ലയിലെ എം.എൽ.എമാർ, ജില്ലാ കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചുചേർത്തു. പ്രളയ സാധ്യത, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, മുന്നൊരുക്കങ്ങൾ എന്നിവ ചർച്ച ചെയ്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി.
• എം.പിമാർ, എം.എൽ.എമാർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.
• തോട്ടപ്പള്ളി സ്പിൽവേ, അമ്പലപ്പുഴ പുറക്കാട് പായൽക്കുളങ്ങര ക്യാമ്പ്, കാക്കാഴം തീരപ്രദേശത്തെ കടൽക്ഷോഭ ബാധിത മേഖലകൾ, മഴക്കെടുതി ബാധിച്ച അമ്പലപ്പുഴ വടക്ക് വണ്ടാനം വളഞ്ഞവഴി മേഖല എന്നിവിടങ്ങൾ സന്ദർശിച്ചു.

ഓഗസ്റ്റ് 03
• അച്ചൻകോവിലാർ ഒഴുകുന്ന ഇരുപത്തിയെട്ടിൻ കടവിലും കരിപ്പുഴ തോടിലും സന്ദർശനം നടത്തി. തോടിലെ ജലനിർഗമനം ഉറപ്പുവരുത്താൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി.
• ചെങ്ങന്നൂർ താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചെങ്ങന്നൂർ എം.എൽ.എ ശ്രീ സജി ചെറിയാൻ, മറ്റ് ജനപ്രതിനിധികൾ, RDO എന്നിവരുടെ യോഗം ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിൽ നേരിട്ടെത്തി വിളിച്ചുചേർത്തു.
• കായംകുളം മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗം ചേർന്നു.
ഓഗസ്റ്റ് 04
• എരുവ മേഖല സന്ദർശിച്ചു. കരിപ്പുഴ തോട്ടിൽ മാലിന്യം നിറഞ്ഞുനിൽക്കുന്ന അവസ്ഥ തുടരുന്ന സാഹചര്യത്തിൽ, അത് പരിഹരിക്കുന്നതിന് ഇറിഗേഷൻ വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കർശന നിർദേശം നൽകി.
• കായംകുളം മണ്ഡലത്തിൽ വെള്ളം കയറി പത്തിയൂർ പോളേച്ചാൽ, കാവിൽ കോളനി, ഏവൂർ മേഖലകൾ സന്ദർശിച്ചു.
ഓഗസ്റ്റ് 05
• ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത ഓൺലൈൻ യോഗം ചേർന്നു. തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യനീക്കത്തിന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി.
• മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്തുനിന്ന് ബഹു. ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയോടൊപ്പം ട്രെയിൻ മാർഗം ആലപ്പുഴയിലെത്തി.
• ബഹു. ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയോടൊപ്പം തോട്ടപ്പള്ളി സ്പിൽവേ, ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന പത്തിയൂർ ഹൈസ്‌കൂൾ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ ക്യാമ്പുകൾ എന്നിവ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
**********
മഴക്കെടുതി രൂക്ഷമാവുകയും വിവിധ സ്ഥലങ്ങളിൽ വെള്ളം കയറുകയും ചെയ്ത നിർഭാഗ്യകരമായ സാഹചര്യമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. തിരുവനന്തപുരത്തേതടക്കം മുൻകൂട്ടി നിശ്ചയിച്ച ഭൂരിഭാഗം പരിപാടികളും റദ്ദാക്കികൊണ്ടുതന്നെ ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിലും കായംകുളം എം.എൽ.എ എന്ന നിലയിലും ആദ്യ ദിവസങ്ങൾ മുതൽക്ക് തന്നെ ഞാൻ സ്ഥലത്ത് എത്തുകയും ക്യാമ്പ് ചെയ്യുകയുമുണ്ടായി.
ഒഴിവാക്കാൻ കഴിയാത്ത മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെത്തിയിരുന്നു. ഇന്നലെ രാവിലെ തന്നെ അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പോയതും. മന്ത്രിസഭാ യോഗത്തിന് ശേഷം ഉച്ചയോടെ ബഹു. ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയോടൊപ്പം ട്രെയിനിൽ ആലപ്പുഴയ്ക്ക് തിരികെപ്പോവുകയുമുണ്ടായി.
എന്നാൽ, "ചുമതലക്കാരൻ മന്ത്രി ആലപ്പുഴയിൽ എത്തിയത് വെള്ളം കയറി ആറാം ദിവസം" എന്ന തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ വാർത്തയാണ് T21 എന്ന ഓൺലൈൻ മാധ്യമത്തിലും മറ്റ് പല സോഷ്യൽ മീഡിയ ഹാൻഡിലുകളിലും കാണുന്നത്. പൊതുജനങ്ങളിൽ അമർഷം ഉണ്ടാക്കുന്നതിനും ദുരന്തനിവാരണ സംവിധാനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നതിനുമാണ് ഈ പ്രചാരണം ലക്ഷ്യമിടുന്നത്. ദുരന്തസമയത്ത് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന അഭ്യൂഹങ്ങൾ പരത്തുന്നത് ദുരന്തനിവാരണ പ്രോട്ടോക്കോളുകളുടെയും ക്രമസമാധാനത്തിന്റെയും നഗ്നമായ ലംഘനമാണ്.
അതിനാൽത്തന്നെ ഇത്തരക്കാർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.പി സൈബർ സെല്ലിന് നിർദേശം നൽകിയതായും അറിയിച്ചു. ദുരന്തമുഖത്തും വിദ്വേഷം പ്രചരിപ്പിച്ച്, രാഷ്ട്രീയലാഭം ലക്ഷ്യമിടുന്നവർക്കെതിരെ ഒരുതരത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല. ഇത്തരക്കാർക്കെതിരെ ഇനിയും നടപടികളുണ്ടാകും. നിയമപരമായി സാധ്യമായതൊക്കെയും ചെയ്യാൻ തന്നെയാണ് തീരുമാനം. ഒരു ജനത മുഴുവൻ അതിജീവനത്തിനായി കൈകോർക്കുമ്പോൾ വെറുപ്പ് പ്രചരിപ്പിക്കാനുള്ള ഒരു ശ്രമങ്ങളും അനുവദിക്കില്ല, പ്രോത്സാഹിപ്പിക്കില്ല എന്നോർമിപ്പിക്കുന്നു'.




Click it and Unblock the Notifications