ഒട്ടും ചെറുതല്ല, ശശി തരൂർ നേടിയ വോട്ടിന് അതിന്റെ പതിൻമടങ്ങ് മൂല്യമുണ്ട്: കെഎസ് ശബരീനാഥന്‍
ദില്ലി: ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ രണ്ടാമതായി എത്തിയ ഡോക്ടർ ശശി തരൂരിന് ലഭിച്ച 1072 വോട്ട് ഒട്ടും ചെറുതല്ലെന്ന് കെഎസ് ശബരീനാഥന്‍. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തുകൊണ്ട്, പാർട്ടിക്കുള്ളിൽ പുതിയ ആശയങ്ങൾ നിരന്തരം ഉന്നയിച്ചുകൊണ്ട് സധൈര്യം അദ്ദേഹം മുന്നോട്ട്പോയി എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ആശയങ്ങൾ സാധാരണ കോൺഗ്രസ് പ്രവർത്തകരെയും കോൺഗ്രസ് അനുകൂലികളെയും ഉത്തേജിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. അതിനാൽ തന്നെ ഈ വോട്ടിന് അതിന്റെ പതിൻമടങ് മൂല്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കെഎസ് ശബരീനാഥിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് ശ്രീ മല്ലികാർജുൻ ഘാർഗേക്ക് അഭിനന്ദനങ്ങൾ. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും. ഞാൻ ആദ്യം മുതൽ ആവർത്തിച്ചു പറഞ്ഞതു പോലെ ഈ ഇലക്ഷൻ കോൺഗ്രസിന്റെ അടിത്തറ ശക്തിപ്പെടുത്തും.കോൺഗ്രസ് പാർട്ടി പ്രകടിപ്പിച്ച ഈ ഉൾപാർട്ടി ജനാധിപത്യത്തിന്റെ ശക്തി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒരു പാഠമാണ്.

രണ്ടാമതായി എത്തിയ ഡോക്ടർ ശശി തരൂരിന് ലഭിച്ച 1072 വോട്ട് ഒട്ടും ചെറുതല്ല. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തുകൊണ്ട്, പാർട്ടിക്കുള്ളിൽ പുതിയ ആശയങ്ങൾ നിരന്തരം ഉന്നയിച്ചുകൊണ്ട് സധൈര്യം അദ്ദേഹം മുന്നോട്ട്പോയി എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ആശയങ്ങൾ സാധാരണ കോൺഗ്രസ് പ്രവർത്തകരെയും കോൺഗ്രസ് അനുകൂലികളെയും ഉത്തേജിപ്പിക്കുകയും ചെയ്തു. അതിനാൽ ഈ വോട്ടിന് അതിന്റെ പതിൻമടങ് മൂല്യമുണ്ട്.
കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഡോ: ശശി തരൂരിന് ഈ ആൽമരചുവട്ടിൽ പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോൺഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നു.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയായ Shawshank Redemption ലെ അവസാന വരികൾ ഇവിടെ ചേർക്കുന്നു. "Hope is a good thing, maybe the best of things, and no good thing ever dies." " പ്രതീക്ഷ മനോഹരമായ ഒരു കാര്യമാണ്, ഒരുപക്ഷേ ജീവിതത്തിൽ ഏറ്റവും മനോഹരമായ കാര്യമായിരിക്കും... ഒരു മനോഹര ചിന്തയും ഒരിക്കലും അസ്തമിക്കുന്നില്ല"












Click it and Unblock the Notifications