'കറന്റ് വരുമോ എന്നറിയില്ല...പക്ഷേ നൊസ്റ്റാൾജിയ തിരിച്ചെത്തും'; ട്രോളി വികെ സനോജ്
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്നും വൈദ്യുതി മുടങ്ങുന്ന ഏകദേശ സമയം അറിയിക്കുമെന്നുമുള്ള വൈ്ദ്യുതി മന്ത്രിയുടെ പ്രതികരണത്തിൽ പരിഹാസവുമായി വികെ സനോജ് എംഎൽഎ. ഇത് വെറുമൊരു പവർക്കട്ട് പ്രഖ്യാപനമല്ല മറിച്ച് പഴയ ഓർമ്മകളെ 2026-ലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു സമഗ്ര വികസന പദ്ധതി കൂടിയാണെന്ന് സനോജ് പരിഹസിച്ചു. കഴിഞ്ഞ 10 വർഷത്തെ വൈദ്യുതി മന്ത്രിമാർക്ക് ഒന്നും കിട്ടാതെ പോയ ഭാഗ്യമാണ് ഇപ്പോഴത്തെ മന്ത്രിക്ക് ലഭിച്ചിരിക്കുന്നതെന്നും സനോജ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

' പവർക്കട്ട് സമയം ജനങ്ങളെ അറിയിക്കും '
ശ്രീ. സണ്ണി ജോസഫ്, ബഹു. വൈദ്യുതി വകുപ്പ് മന്ത്രി
തീർച്ചയായും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന മികച്ച നടപടി ആണിത്. കഴിഞ്ഞ 10 വർഷത്തെ വൈദ്യുതി മന്ത്രിമാർക്ക് ഒന്നും കിട്ടാതെ പോയ ഭാഗ്യമാണ് ഇപ്പോഴത്തെ മന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. പവർക്കട്ട്... അതും സമയമറിയിച്ചുള്ള പവർക്കട്ട്, നൊസ്റ്റാൾജിയയുടെ ഒരു ഗംഭീര തിരിച്ചുവരവ് കൂടിയാണിത്. സിനിമകളിലും സ്കിറ്റുകളിലും മാത്രം ബാക്കിയായിരുന്ന ആ പഴയകാലം വീണ്ടും നമ്മുടെ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. ഇനി 'ശ്യാമളയുടെ ' വീട്ടിൽ പവർക്കട്ട് സമയം നോക്കി പൂച്ച കൃത്യമായി എത്തും. വൈദ്യുതി പോയ സമയത്തെ തമാശ സീനുകൾ സ്കിറ്റുകളിൽ വീണ്ടും പുനർജനിക്കും. കഥകളിൽ ' അപ്പോഴാണ് കറന്റ് പോയത്...' സന്ദർഭങ്ങൾ വീണ്ടും വരും.സന്ധ്യകൾ സജീവമാകും. വീടുകളിൽ കാൻഡിൽ ലൈറ്റ് ഡിന്നറുകൾ പതിവാകും.
പ്രവാസികളുടെ പെട്ടികളിൽ വീണ്ടും എമർജൻസിയും ബ്രൈറ്റ് ലൈറ്റും ഇടം പിടിക്കും. ഗ്രാമങ്ങളിൽ മെഴുകുതിരി നിർമ്മാണ യൂണിറ്റുകൾ വീണ്ടും സജീവമാകും. ചെറുകിട ജനറേറ്റർ കമ്പനികൾ,
ഇൻവെർട്ടർ വ്യവസായം തുടങ്ങിയവയ്ക്ക് പ്രതീക്ഷ സുവർണ്ണകാലം കൂടെ ആണിത്. പവർബാങ്കുകൾക്ക് വരെ ഡിമാൻഡ് കൂടും...! അങ്ങനെ നോക്കുമ്പോൾ ഇത് വെറുമൊരു പവർക്കട്ട് പ്രഖ്യാപനമല്ല...പഴയ ഓർമ്മകളെ 2026-ലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു സമഗ്ര വികസന പദ്ധതി കൂടിയാണ്...
കറന്റ് വരുമോ എന്നറിയില്ല...പക്ഷേ നൊസ്റ്റാൾജിയ തിരിച്ചെത്തുമെന്ന് ഉറപ്പാണ്! ഈ മഹത്തായ തിരിച്ചുവരവിന് വഴിയൊരുക്കിയ ബഹു. വൈദ്യുതി മന്ത്രിക്കും യു.ഡി.എഫ് സർക്കാരിനും
അഭിനന്ദനങ്ങൾ',സനോജ് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി കാരണം റദ്ദാക്കിയ മുൻ വൈദ്യുതി കരാറെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഊർജിതമായ ശ്രമങ്ങൾ സർക്കാർ നടത്തുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മുൻപ് ഉണ്ടായിരുന്ന ദീർഘകാല വൈദ്യുതി കരാർ മുൻ സർക്കാർ റദ്ദാക്കിയതിന്റെ ഭാഗമായി 4.29 രൂപ നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതിക്ക് പകരം നിലവിൽ 10 മുതൽ 14 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴയുടെ അഭാവം മൂലം സംസ്ഥാനത്തെ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് നിലവിലുള്ളത്. പ്രതിദിന വൈദ്യുതി ഉപഭോഗം 4800 മുതൽ 4900 മെഗാവാട്ട് വരെയായി ഉയർന്നിട്ടുണ്ട്. ജനങ്ങൾക്ക് അമിതഭാരം ഏൽപ്പിക്കാതെ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കൃത്യമായി ജനങ്ങളെ അറിയിക്കാൻ കെഎസ്ഇബിക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications
