പ്രധാനമന്ത്രീ, നാടുചുറ്റല്‍ അവസാനിപ്പിച്ച് തിരിച്ചുവരൂ; ക്ഷമയെ പരീക്ഷിക്കരുതെന്ന് ധനമന്ത്രി...
കള്ളപ്പണക്കാര്‍ ചെറുതുകകള്‍ ആയി സാധനങ്ങള്‍ വാങ്ങിച്ചു കള്ളപ്പണം വെളുപ്പിക്കും എന്നാണ് പലരുടെയും പേടി. അതിപ്പോഴും തടസ്സമില്ലാതെ നടക്കുന്നുണ്ട്.
തിരുവനന്തപുരം: ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്നാലെ നാട്ടിലുണ്ടായ സാമ്പത്തിക സ്തംഭനാവസ്ഥയില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമായ അരാജകത്വമാണ് നാട്ടില്‍ നടക്കുന്നതെന്നും ഇക്കാര്യം നേരത്തെ പറഞ്ഞപ്പോള്‍ തന്റെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ടവര്‍ എവിടെ പോയെന്നും തോമസ് ഐസക് ചോദിക്കുന്നു.
'ഞാന്‍ പോലും ഇതിത്ര ഭീകരം ആവുമെന്ന് കരുതിയില്ല. നാട്ടിലാകെ അരാജകത്വം ആയി. ആളുകളുടെ മുഖ്യ തൊഴില്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കല്‍ ആണ്. കടകള്‍ തുറന്നിട്ട് എന്തിനെന്നാണ് പല വ്യാപാരികളും ചോദിക്കുന്നത് അതുകൊണ്ട് ചൊവ്വാഴ്ച മുതല്‍ അവര്‍ അനിശ്ചിതകാല കടയടപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് കാപ്പി കുടിക്കാന്‍ പല പതിവ് ഹോട്ടലുകളിലും ഞാന്‍ ചെല്ലുമ്പോള്‍ അത് പൂട്ടിയിരിക്കുകയാണെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഇനി പ്രധാനമന്ത്രി പ്രധാനമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇതൊക്കെയാണ്..

സഹകരണ ബാങ്കുകള്‍
ഇപ്പോള്‍ തന്നെ പല കല്യാണങ്ങളും നാട്ടില്‍ മാറ്റി വച്ചു കഴിഞ്ഞു. ഇങ്ങനെ ജനം പെരുവഴിയില്‍ അലയുമ്പോഴാണ് ഉള്ള സഹകരണ ബാങ്കുകള്‍ കൂടി പൂട്ടിക്കാന്‍ ബിജെപിക്കാര്‍ ഇറങ്ങിയിരിക്കുന്നത്. സഹകരണ ബാങ്കില്‍ കള്ളപ്പണം ആരെങ്കിലും ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞാലും അതവിടെ തന്നെ കാണുമല്ലോയെന്ന് തോമസ് ഐസക് പരിഹസിച്ചു.

നാടുചുറ്റല്‍ അവസാനിപ്പിക്കൂ
പ്രധാനമന്ത്രി നാട് ചുറ്റല്‍ അവസാനിപ്പിച്ചു ദല്‍ഹിയില്‍ തിരിച്ചെത്തണം. ജയ്റ്റ്‌ലി പറയുന്നത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഇങ്ങനെ തന്നെ ആയിരിക്കും കാര്യങ്ങള്‍ എന്നാണ് എങ്കില്‍ അടിയന്തിരമായി ചില കാര്യങ്ങള്‍ തീരുമാനിക്കാനുണ്ട്, അതുകൊണ്ടാണ് മോദി തിരിച്ചു വരണം എന്ന് പറയുന്നതെന്ന് തോമസ് ഐസക് പറയുന്നു.

പഴയ നോട്ടുകള്‍
മുപ്പതാം തീയതി വരെയെങ്കിലും റദ്ധാക്കിയ നോട്ടുകള്‍ കടക്കാര്‍ക്കും മറ്റും സ്വീകരിക്കാം എന്നും കൂലി ആയും മറ്റും കൊടുക്കാമെന്നും പ്രഖ്യാപിക്കുക. മുപ്പതാം തീയതി ആവുമ്പോഴേക്കും പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വിതരണസംവിധാനത്തില്‍ കുറ്റമറ്റ രീതിയില്‍ എത്തിക്കാം, അതോടെ പഴയ നോട്ടുകള്‍ പൂര്‍ണമായി റദ്ദാക്കാം.

കെവൈസി വിവരങ്ങള്‍ വാങ്ങണം
സ്വര്‍ണ്ണക്കടക്കാരും ആഡംബര വസ്തുക്കളുടെ വില്‍പ്പനക്കാരും ഒരു ലക്ഷത്തിന് മേല്‍ ഇടപാട് നടത്തുന്ന എല്ലാവരുടെയും കെവൈസി വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ഉത്തരവ് ഇറക്കുക. ആരെങ്കിലും കള്ളപ്പണം വെളുപ്പിക്കാന്‍ പോയാല്‍ അവരെ പിന്നീട് പിടിക്കാന്‍ പ്രയാസം ഉണ്ടാവില്ല.

കള്ളപ്പണം
കെവൈസി അനുവദിച്ചാലും കള്ളപ്പണക്കാര്‍ ചെറുതുകകള്‍ ആയി സാധനങ്ങള്‍ വാങ്ങിച്ചു കള്ളപ്പണം വെളുപ്പിക്കും എന്നാണ് പലരുടെയും പേടി. അതിപ്പോഴും തടസ്സമില്ലാതെ നടക്കുന്നുണ്ട്. കള്ളപ്പണം ഒരു ലക്ഷം രൂപ വെച്ച് ബാങ്ക് അക്കൌണ്ടില്‍ അടച്ച് കമ്മീഷന്‍ അടിസ്ഥാനത്തില്‍ വെളുപ്പിച്ചു തരാന്‍ ഒത്തിരി പേരുണ്ടാവും, ഇതല്ലേ ഇപ്പോഴും നടക്കുന്നത് ?

ക്ഷമയെ പരീക്ഷിക്കരുത്
സംസ്ഥാന ട്രെഷറി, സംസ്ഥാന ധനകാര്യ സ്ഥാപനങ്ങള്‍ പബ്ലിക്ക് യൂട്ടിലിറ്റികള്‍ ഇവയെ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഇവയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുകയാണ് വേണ്ടത്. ജയ്റ്റ്ലി പറയുന്നത് പോലെ ഒരു മാസം പോയിട്ട് ഒരാഴ്ച പോലും ജനങ്ങള്‍ ഇത് സഹിക്കില്ല. ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും ഐസക് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്രമോദിയെയും വിമര്‍ശിച്ച് തോമസ് ഐസക് പോസ്റ്റ് ചെയ്ത കുറിപ്പ്












Click it and Unblock the Notifications