കെഎസ്ഇബി ഇനി കമ്പനി
തിരുവനന്തപുരം: ആശങ്കകള്‍ നീക്കാതെ കെഎസ്ഇബിയെ പൊതുമേഖല കമ്പനിയാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. സര്‍ക്കാരിന്റെ അനുമതിയോടെ സ്വകാര്യ നിക്ഷേപത്തിന് സാധ്യതയൊരുക്കുന്ന രീതിയിലാണ് വിജ്ഞാപനം. ഒറ്റ കമ്പനിയാക്കി നിലനിര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും നിലവില്‍ മൂന്ന് ബിസിനസ് യൂണിറ്റുകളായിട്ടായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുക.

കെഎസ്ഇബി ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. സ്വകാര്യ നിക്ഷേപത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കമ്പനിക്ക് പൂര്‍ണ അധികാരം വിജ്ഞാപനം നല്‍കുന്നുണ്ട്. ഉത്പാദനം, വിതരണം, പ്രസരണം എന്നിങ്ങനെ മൂന്ന് യൂണിറ്റുകളായാണ് കമ്പനി പ്രവര്‍ത്തിക്കുക. മൂന്ന് യൂണിറ്റുകളും കമ്പനിയും ലാഭത്തിലായിരിക്കണം എന്ന് നിഷ്‌കര്‍ഷയുണ്ട്. ഇതിനായി വേണമെങ്കില്‍ സ്വകാര്യ പങ്കാളിത്തം തേടാവുന്നതാണ്.
സര്‍ക്കാരില്‍ നിന്ന് കെഎസ്ഇബിക്ക് ഇനി കാര്യമായ സഹായമൊന്നും പ്രതീക്ഷിക്കേണ്ട എന്നതാണ് പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യം. ഇലക്ട്രിസിറ്റി നിയമം അനുസരിച്ചുള്ളതല്ലാതെ മറ്റ് സാമ്പത്തിക സഹായങ്ങളൊന്നും സര്‍ക്കാരിനോട് കമ്പനി ആവശ്യപ്പെടാന്‍ പാടില്ല. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ കമ്പനിക്ക് തന്നെ തീരുമാനിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി തേടണം. ജീവനക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇനി മുതല്‍ സ്ഥാനക്കയറ്റം നല്‍കുക. ഇതേ സമയം ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ ഗാരണ്ടി സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുമുണ്ട്.












Click it and Unblock the Notifications