വെള്ളാപ്പള്ളിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് നൗഷാദിന്റെ കുടുംബം
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ മാന്‍ഹോളില്‍ വീണു മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ കുടുംബം വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചു. തങ്ങളുടെ മകനെതിരായ വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് നൗഷാദിന്റെ കുടുംബം പറയുന്നു.
തന്റെ മകനെ അപമാനിക്കുകയാണ് ചെയ്തത്. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ക്രൂരമായി പോയെന്നും നൗഷാദിന്റെ അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ പരാമര്‍ശം അനാവശ്യമായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറയുകയുണ്ടായി.

ജാതിയും മതവും നോക്കിയല്ല നൗഷാദ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും നൗഷാദിന്റെ കുടുംബം പറയുന്നു. നൗഷാദ് മുസ്ലീം ആയതുകൊണ്ടാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതെന്ന പരാമര്‍ശമാണ് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം നടത്തിയിരുന്നത്. അപകടത്തില്‍ മരിച്ച ഹാന്‍ഡ് ബോള്‍ താരങ്ങള്‍ ഹിന്ദുക്കളായതിനാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
അതുകൊണ്ടുതന്നെ മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനങ്ങള്‍ ആളിക്കത്തുകയാണ്. ഇതിനിടയില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. നിയമവശങ്ങള്‍ പരിശോധിച്ച് വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications