അര്‍ദ്ധരാത്രി അഭിനയം വേണ്ട, മോദിയോട് നാടകം നിര്‍ത്താന്‍ തോമസ് ഐസക്
കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ നിലവിലെ അപാകത തിരുത്താതെ പ്രധാനമന്ത്രി വൈകാരിക അഭിനയം കാഴ്ച വയ്ക്കുന്നത് നിര്‍ത്തണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ നിലവിലെ അപാകത തിരുത്താതെ പ്രധാനമന്ത്രി വൈകാരിക അഭിനയം കാഴ്ച വയ്ക്കുന്നത് നിര്‍ത്തണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധമില്ലാതെയാണ് നരേന്ദ്രമോദി പെരുമാറുന്നത്. ഐസക്ക് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത്. 50 ദിനങ്ങള്‍ കൊണ്ട് ശുദ്ധീകരണം പൂര്‍ത്തിയാക്കാനാണ് പരിപാടിയെങ്കില്‍ പെട്ടെന്ന് അര്‍ദ്ധരാത്രിയില്‍ നോട്ട് പിന്‍വലിക്കണമായിരുന്നോ എന്നും ഐസക് ചോദിക്കുന്നു.
പഴയ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം ഒരുമാസം മുന്‍പെങ്കിലും ജനങ്ങളെ അറിയിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു. പ്രധാന മന്ത്രിയുടെ തിരിച്ചറിവില്ലാതെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ജനങ്ങള്‍ ഇപ്പോള്‍ ബുദ്ധിമുട്ടുന്നത്. കൈയിലെ പണത്തിന്റെ വില കേവലം കടലാസിന്റേതായി മാറുമ്പോള്‍ ജനം പരിഭ്രാന്തരാകും. നേരിട്ട് പണമിടപാടുകള്‍ നടത്തുന്നവരെ സംബന്ധിച്ച് വന്‍ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. പണം മാറിയെടുക്കുന്നതിനായി ബാങ്കുകളില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്.

ഇന്ത്യന്‍ യാഥാര്‍ത്ഥങ്ങളെ മനസ്സിലാക്കാതെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഞായറാഴ്ചയിലെ ഗോവന്‍ പ്രസംഗത്തില്‍ മുഴുവനും പ്ലാസ്റ്റിക് മണിയിലേക്ക് മാറേണ്ട ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം പ്രതിപാദിച്ചത്. ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയില്‍ വാണിജ്യ കൈമാറ്റത്തിന് പണം നേരിട്ട് ഉപയോഗിക്കുന്ന അവസ്ഥയാണ്. ഇങ്ങനെയുള്ള രാജ്യത്ത് മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചത് മണ്ടത്തരമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠം അറിയുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യമാണിത്. എന്നാല്‍ ആ തിരിച്ചറിവ് പോലും മോദിക്കുണ്ടായില്ലെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications