എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര; കണ്ടാലറിയുന്ന 1000 പേർക്കെതിരെ കേസ്,വൈസ് പ്രസിഡന്റ് ഒന്നാം പ്രതി
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് എൻ എസ് എസ് നടത്തിയ നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്ത് പോലീസ്. ബുധാനാഴ്ച തലസ്ഥാനത്ത് നടത്തിയ ഘോഷയാത്രയ്ക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് അന്യായമായി സംഘം ചേർന്നെന്ന് ആരോപിച്ച് കേസെടുത്തത്. എൻ എസ് എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാറാണ് ഒന്നാം പ്രതി.
പാളയം ഗണപതി ക്ഷേത്രത്തിന് സമീപം ആളുകൾ അന്യായമായി സംഘം ചേർന്നു, അനുമതിയില്ലാതെ വാഹനങ്ങളിൽ മൈക്ക് ഘടിപ്പിച്ചു, വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും മാർഗതടസം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ പറയുന്നത്. പിരിഞ്ഞ് പോകണമെന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലംഘിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും എഫ് ഐ ആറിലുണ്ട്.

എൻ എസ് എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 175 കരയോഗങ്ങളിൽ നിന്നുള്ളവരാണ് യാത്രയിൽ പങ്കെടുത്തത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു യാത്ര സംഘടിപ്പിച്ചിരുന്നത്. ഗണപതി വിഗ്രഹങ്ങളേന്തി സ്തുതി ഗീതങ്ങൾ പാടിയായിരുന്നു യാത്ര. സ്ത്രീകൾ ഉൾപ്പെടെയുള്ള ആയിരങ്ങളാണ് യാത്രയിൽ പങ്കെടുത്തത്.
അതേസമയം വിവാദ പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നാണ് എൻ എസ് എസിന്റെ മുന്നറിയിപ്പ്. 'സ്പീക്കറുടെ പ്രതികരണം വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകില്ല. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാര്‍ നിലപാടും ഇതേരീതിയില്‍ തന്നെയാണെങ്കില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും പ്രായോഗികവുമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും', എന്നായിരുന്നു സുകുമാരന്‍ നായര്‍ വാർത്താക്കുറിപ്പിൽ പറഞ്ഞത്.
എറണാകുളത്ത് കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജ്യോതി-സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യവേ സ്പീക്കർ പറഞ്ഞ കാര്യങ്ങൾക്കെതിരെയാണ് എൻഎസ്എസും സംഘപരിവാർ സംഘടനകളും രംഗത്തെത്തിയത്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുന്നുവെന്നായിരുന്നു എഎൻ ഷംസീറിന്റെ പ്രസംഗം. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നും പ്രസംഗത്തിൽ സ്പീക്കർ പറഞ്ഞിരുന്നു.
അതേസമയം താൻ ഒരു മതത്തേയും വ്രണപ്പെടുത്തിയിട്ടില്ലെന്നായിരുന്നു
കഴിഞ്ഞ ദിവസം എഎൻ ഷംസീറിന്റെ പ്രതികരിച്ചത്. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താന്‍. ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞാല്‍ അത് എങ്ങനെ മതവിശ്വാസത്തിന് എതിരാകുമെന്നും ഷംസീര്‍ ചോദിച്ചിരുന്നു. വിഷയത്തിൽ ഷംസീർ മാപ്പ് പറയില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചത്.












Click it and Unblock the Notifications