മോദിക്ക് കത്തെഴുതി സുകുമാരൻ നായർ, എന്‍എസ്എസും ബിജെപിയും അണ്ണനും തമ്പിയും പോലെയെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തോടെ സമദൂരമൊക്കെ വിട്ട് ഇടത് പക്ഷത്തോട് ഉടക്കി നില്‍ക്കുകയാണ് എന്‍എസ്എസ്. ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ കടുത്ത വാക്‌പോര് തന്നെ നടക്കുന്നു. അതിനിടെ ആര്‍എസ്എസ് പക്ഷത്തേക്ക് എന്‍എസ്എസ് ചായുന്നുവെന്നതിന്റെ കൃത്യമായ സൂചനകളും പുറത്ത് വരുന്നു. മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കിയതിന് നന്ദി അറിയിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കത്തെഴുതിയിരിക്കുകയാണ്.
വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയിട്ടുണ്ട്. പിന്നാലെ ബില്ലിനെ അഭിനന്ദിച്ച് എന്‍എസ്എസ് രംഗത്ത് വന്നിരുന്നു. അത് കൂടാതെയാണ് മോദിക്ക് കത്ത് എഴുതിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നീതി ബോധത്തേയും ഇച്ഛാ ശക്തിയേയും പ്രശംസിക്കുന്ന കത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനവും ഉണ്ട്. യുപിഎ സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനുളള തുടര്‍ നടപടികളൊന്നുമെടുത്തില്ല എന്നാണ് വിമര്‍ശനം. മോദിയുടെ നേതൃത്വത്തിന് എല്ലാ വിധ പ്രാര്‍ത്ഥനകളുമുണ്ടെന്നും കത്തില്‍ പറയുന്നു.
അതേസമയം എന്‍എസ്എസിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണ് എന്‍എസ്എസ് എന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. എന്‍എസ്എസും ബിജെപിയും അണ്ണനും തമ്പിയും പോലെയാണ്. സമദൂരം എന്നത് എന്‍എസ്എസിന് ജനങ്ങളെ കബളിപ്പിച്ച് കാര്യങ്ങള്‍ നേടാനുളള അടവാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.












Click it and Unblock the Notifications