ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ; സർക്കാരും അപ്പീൽ നൽകും
തിരുവനന്തപുരം; പീഡന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കന്യാസ്ത്രീ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകും. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അഡ്വ ജനറലിന് നേരത്തേ കത്ത് നൽകിയിരുന്നു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമോപദേശവും കത്തിനൊപ്പം ഉണ്ട്.വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പോലീസ് മേധാവി എസ് ജയശങ്കർ നേരത്തേ പറഞ്ഞിരുന്നു. കോടതി വിധി 2013 ലെ നിർഭയ കേസിനെ തുടർന്നുള്ള നിയമഭേദഗതിക്ക് എതിരാണെന്നാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമോപദേശം.

തെളിവുകളിൽ പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടുവെന്നാണ് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കന്യാസ്ത്രീ ചൂണ്ടിക്കാട്ടുുന്നത്. കോടതി വിധി തെറ്റായ രീതിയിലാണെന്നും കന്യാസ്ത്രീ അപ്പീലിൽ പറയുന്നു. കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറായിരുന്നു കേസിൽ വിധി പറഞ്ഞത്. വെറുതേ വിടുന്നു എന്ന് ഒറ്റ വരിയിലായിരുന്നു വിധി.
2004 -2016 കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യ സ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2018 ജൂൺ 27 നാണ് കോട്ടയം എസ് പിക്ക് ലഭിച്ച പരാതിയിൽ കേസ് രജിസറ്റർ ചെയ്തത്. വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ 2018 സെപതംബർ 21 ന് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായിരുന്നു. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയത്. 25 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഫ്രാങ്കോ ജാമ്യത്തിൽ പുറത്തിറങ്ങി. ഒരു വർഷം മുൻപായിരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചത്.












Click it and Unblock the Notifications