കുറ്റം സമ്മതിക്കാതെ ബിഷപ്പ്... തെളിവുകൾ നിരത്തി അറസ്റ്റ്; ചരിത്രത്തിലാദ്യം....പ്രതിരോധത്തിൽ സഭ
കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ഒടുവില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം ആയിരുന്നു ബിഷപ്പിന്റെ അറസ്റ്റ്. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് വേണ്ടി കന്യാസ്ത്രീകള്‍ സമരവുമായി രംഗത്തിറങ്ങിയതും അറസ്റ്റ് വേഗത്തിലാക്കി.
എന്നാല്‍ ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ പോലും ബിഷപ്പ് കുറ്റസമ്മതം നടത്തിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരം. താന്‍ നിരപരാധിയാണ് എന്ന വാദത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് പോലീസ് ബിഷപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു.

കുറ്റസമ്മതമൊഴിയില്ല
മൂന്ന് ദിവസം ചോദ്യം ചെയ്തിട്ടും ബിഷപ്പില്‍ നിന്ന് ഒരു കുറ്റസമ്മത മൊഴി പോലീസിന് ലഭിച്ചിട്ടില്ല. അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ കേസില്‍ ബിഷപ്പിന് രക്ഷപ്പെടാനുള്ള വഴികള്‍ എല്ലാം അടയുമായിരുന്നു. ഈ സാഹചര്യത്തില്‍ പഴുതടച്ചുള്ള തെളിവുകള്‍ മുന്നോട്ട് വയ്ക്കുക മാത്രമാണ് പോലീസിന് മുന്നിലുള്ളത്.

കുറുവിലങ്ങാട് മഠം
കുറുവിലങ്ങാട് മഠത്തില്‍, കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസം താന്‍ താമസിച്ചിട്ടില്ല എന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ തെളിവുകള്‍ ഉദ്ധരിച്ച് പോലീസ് ഇത് പൊളിക്കുകയായിരുന്നു. ഇത് തന്നെ ആയിരുന്നു ഏറ്റവും നിര്‍ണായകമായതും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തി വൈരാഗ്യമെന്ന്
കന്യാസ്ത്രീയുടെ പരാതിക്ക് കാര്യം വ്യക്തി വൈരാഗ്യം ആണെന്നായിരുന്നു ബിഷപ്പ് ഉന്നയിച്ച മറ്റൊരു വാദം. കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തതാണ് ഇതിന് കാരണം എന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ ഇതും പോലീസ് തള്ളുകയായിരുന്നു.

സഭയുടെ പിന്തുണ
കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നതായിരുന്നു സിറോ മലബാര്‍ സഭയുടെ നിലപാട്. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരേയും സഭ രംഗത്ത് വന്നിരുന്നു. എന്നാല്‍ അറസ്റ്റ് നടന്നതോടെ സഭ ഇനി എന്ത് നിലപാട് എടുക്കും എന്നതും നിര്‍ണായകമാണ്.

വൈകിപ്പിച്ച അറസ്റ്റ്
കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു വൈക്കം ഡിവൈഎസ്പി ഒരുമാസം മുമ്പ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാന്‍ പോലും അതിന് ശേഷം ആഴ്ചകള്‍ എടുത്തു. ഇതിന് പിന്നില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചരിത്രത്തിലാദ്യം
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു കത്തോലിക്ക ബിഷപ്പിനെ ബലാത്സംഗ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബിഷപ്പ് റോമിലേക്ക് കടന്നേക്കുമോ എന്ന സംശയവും ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നു. ജൂണ്‍ 28 ന് ആയിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് കേസ് എടുത്തത്.












Click it and Unblock the Notifications