കുമാര്‍ ബിശ്വാസിന്റെ അവഹേളനത്തിനെതിരെ നഴ്സുമാര്‍
തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി നേതാവും കവിയും ആയ കുമാര്‍ ബിശ്വാസ് മലയാളി നഴ്‌സുമാരെ അവഹേളിച്ച് സംസാരിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കുമാര്‍ ബിശ്വാസിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍.
പണ്ടൊക്കെ ആശുപത്രിയില്‍ പോയാല്‍ കേരളത്തില്‍ നിന്നുള്ള കറുത്ത് മെലിഞ്ഞ നഴ്‌സുമാരാണ് ഉണ്ടായിരുന്നത്. കണ്ടാല്‍ തന്നെ സിസ്റ്ററേ എന്ന് വിളിച്ചു പോകും. പലരും സ്വന്തം പ്രൊഫൈലില്‍ ഫോട്ടോപോലും വെക്കാന്‍ മടിക്കുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള സുന്ദരികളാണ് ആശുപത്രികളിലെ നഴ്‌സുമാര്‍..... എന്ന രീതിയിലായിരുന്നു കുമാര്‍ ബിശ്വാസിന്റെ പ്രസംഗം.

ഇത് ലൈംഗിക ചുവയോടെയുള്ള അധിക്ഷേപമാണ് എന്നാണ് മലയാളി നഴ്‌സുമാരുടെ ആരോപണം. കുമാര്‍ ബിശ്വാസ് പറഞ്ഞത് ആം ആദ്മി പാര്‍ട്ടിയുടെ അഭിപ്രായമാണോ എന്നും നഴ്‌സുമാരുടെ സംഘടന ചോദിക്കുന്നു.
എന്നാല്‍ ഇത് കുമാര്‍ ബിശ്വാസ് ആം ആദമി പാര്‍ട്ടി അംഗമായിരിക്കുന്ന സമയത്ത് നടത്തിയ പ്രസംഗം അല്ലെന്നാണ് ഒരു വാദം. 2008 ല്‍ റാഞ്ചിയില്‍ നടന്ന ഒരു കവി സമ്മേളനത്തിലായിരുന്നു ബിശ്വാസിന്റെ വിവാദ പ്രസംഗം.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ആം ആദ്മി സ്ഥാനാര്‍ത്ഥിയാണ് കുമാര്‍ ബിശ്വാസ്. ദേശീയ തലത്തില്‍ തന്നെ ബിശ്വാസ് പിന്തുണ നേടിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെയുള്ള ഗൂഢാലോചയുടെ ഫലമായാണ് ഇപ്പോള്‍ ഈ വീഡിയോ വിവാദമാക്കുന്നതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പക്ഷം. നേരത്തെ മോഡിയെ പ്രകീര്‍ത്തിച്ച് കുമാര്‍ ബിശ്വാസ് കവിത ചൊല്ലിയതും വിവാദമായിരുന്നു.
എന്തായാലും കുമാര്‍ ബിശ്വാസിനെതിരെ ശക്തമായ നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ് നഴ്സസ് അസോസിയേഷന്‍. പ്രസ്താവന പിന്‍വലിക്കാന്‍ ബിശ്വാസിന് വക്കീല്‍ നോട്ടീസ് അയക്കും. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് തുറന്ന കത്തെഴുതാനും നഴ്‌സസ് അസോസിയേഷന്‍ ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications