മിനിമം സാലറി 40000 രൂപയാക്കണം; സംസ്ഥാനത്ത് നാളെ നഴ്‌സുമാരുടെ പണിമുടക്ക്
തൃശൂര്‍: നാളെ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ പണിമുടക്കും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു എന്‍ എ) നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം ശമ്പളം 40000 രൂപയാക്കണം എന്നാണ് സംഘടനയുടെ ആവശ്യം. ഏഴ് വര്‍ഷമായി തങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട് എന്നും എന്നാല്‍ തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നും സംഘടന പറയുന്നു. ഏഴ് വര്‍ഷമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാളത്തെ പണിമുടക്ക്.

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രിയിലേയും നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും. അടിസ്ഥാന ശമ്പളം 40,000 രൂപയായി വര്‍ധിപ്പിക്കണമെന്നും മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന നിയമം പാലിക്കണം എന്നും ജാസ്മിന്‍ ഷാ പറഞ്ഞു. സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നാളത്തേത് സൂചനാ പണിമുടക്ക് ആണ്. അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരം പ്രഖ്യാപിക്കാനാണ് സംഘടനയുടെ നീക്കം. സൂചന പണിമുടക്കിനുശേഷം കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ജാസ്മിന്‍ ഷാ വ്യക്തമാക്കി. നാളെ ആശുപത്രികളിലെ മൂന്നില്‍ ഒന്ന് ജീവനക്കാരായിരിക്കും ജോലി ചെയ്യുക. ബാക്കിയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കും.
പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും എന്ന് ജാസ്മിന്‍ ഷാ പറഞ്ഞു. നിലവില്‍ 20000 രൂപയാണ് സംസ്ഥാനത്തെ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വേതനം. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണം എന്നാണ് നിയമമെങ്കിലും വര്‍ഷങ്ങളായി ശമ്പള പരിഷ്‌കരണം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സംഘടനയുടെ ആവശ്യപ്പെട്ടു.
അതേസമയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം അഞ്ചാം ദിവസത്തേക്ക് കടന്നു. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ നിര്‍ബന്ധമാക്കിയെങ്കിലും പ്രതിഷേധം ശക്തമാക്കും എന്ന് കെ ജി എം സി ടി എ അറിയിച്ചിട്ടുണ്ട്. അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി 26 മുതല്‍ അനിശ്ചിത കാലത്തേക്ക് എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.












Click it and Unblock the Notifications