നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കാൻ പച്ചക്കൊടി! സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി...
സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കൊച്ചി: നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിച്ച് വിജ്ഞാപനമിറക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി അനുമതി നൽകി. ആവശ്യമാണെങ്കിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി വേതനം സംബന്ധിച്ച കാര്യത്തിൽ സർക്കാരിന് ചർച്ച നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, മിനിമം വേതനം വർദ്ധിപ്പിക്കുന്നതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
നഴ്സുമാരുടെ വേതനം സബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കിയതിന് ശേഷം ആവശ്യമുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിക്കാൻ ഹൈക്കോടതി പ്രതിനിധികളുടെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

കരട് വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നായിരുന്നു നഴ്സുമാരുടെ നിലപാട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 15 വിഷുദിനത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനായിരുന്നു യുഎൻഎയുടെ തീരുമാനം. ഇതിനുശേഷവും വേതനം സംബന്ധിച്ച കാര്യത്തിൽ വിജ്ഞാപനമിറക്കിയില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും നഴ്സുമാരുടെ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications