സുരേഷ് ഗോപിക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കണം; വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ
വനിതാ മാധ്യമ പ്രവർത്തകയ്ക്ക് നേരെ രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി അപമര്യാ ദയായി പെരുമാറിയ വിഷയത്തിൽ പ്രതികരണവുമായി നെറ്റ്വർക്ക് ഓഫ് വിമൺ ഇൻ മീഡിയ, ഇന്ത്യ ( NWMI). വനിതാ മാധ്യമ പ്രവർത്തകയ്ക്ക് നേരെ ബി ജെ പി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അപമര്യാദയായ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് NWMI പ്രസ്താവന പുറത്തു വിട്ടത്.
വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ Network of Women in Media, India ഈ പ്രവൃത്തിയെ കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഒരു വനിതാ റിപ്പോർട്ടറുടെ തോളിൽ കൈ വെക്കുന്ന , അദ്ദേഹത്തിൻ്റെ ശരീര ഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവുമാണ്. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമ പ്രകാരം (POSH Act 2013) ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂ എന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഇത് ഗൗരവമുള്ള കുറ്റ കൃത്യമായി കണ്ട് സംസ്ഥാന സർക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് NWMI യുടെ ആവശ്യം. ജോലി സ്ഥലത്തെ അതിക്രമം എന്ന നിലയിൽ തന്നെ, ഷിദയുടെ തൊഴിൽ സ്ഥപനമായ മീഡിയ വൺ ഈ വിഷയത്തെ സമീപിക്കുകയും നിയമം അനുശാസിക്കുന്ന നടപടി എടുക്കുകയും വേണമെന്ന് NWMI ആവശ്യപ്പെട്ടു.
സംഭവത്തിൽ വനിതാ മാധ്യമ പ്രവർത്തക നിയമ നടപടിക്കൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അതേ സമയം സുരേഷ് ഗോപി വനിതാ മാധ്യമ പ്രവർത്തകയോട് മാപ്പു പറഞ്ഞു കൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് മാധ്യമ പ്രവർത്തകയോട് പെരുമാറിയതെന്നും ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ കുറിച്ചു.












Click it and Unblock the Notifications