ഓഖി മുന്നറിയിപ്പ് വിവാദം; പിണറായിയെ തിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്, എല്ലാം നേരത്തെ അറിയിച്ചു...
ലക്ഷദ്വീപിലും കന്യാകുമാരിയിലും സന്ദർശനം നടത്തിയ ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലെത്തുക.
തിരുവനന്തപുരം/ദില്ലി: ഓഖി മുന്നറിയിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാദങ്ങളെ തിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. നവംബർ 29ന് തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സംസ്ഥാന സർക്കാർ പറഞ്ഞ വാദങ്ങൾ തെറ്റാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കേരളം സന്ദർശിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ഇത്തരത്തിലുള്ള വിശദീകരണം പുറത്തുവന്നിരിക്കുന്നത്. ഓഖി മുന്നറിയിപ്പ് വിവാദത്തിൽ സംസ്ഥാന സർക്കാരിനെ പൂർണ്ണമായും പ്രതിക്കൂട്ടിൽ നിർത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് ഇതിൽ നിന്നുള്ള സൂചന.

ലക്ഷദ്വീപിലും കന്യാകുമാരിയിലും സന്ദർശനം നടത്തിയ ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലെത്തുക. തിങ്കളാഴ്ച രാത്രി മംഗലാപുരത്ത് എത്തുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ ലക്ഷദ്വീപിലേക്ക് യാത്രതിരിക്കും. തുടർന്ന് കന്യാകുമാരിയിലേക്ക് പോകും. അവിടെനിന്ന് വൈകീട്ട് അഞ്ചു മണിയോടെ തിരുവനന്തപുരത്ത് എത്തും. തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം . എന്നാൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തിന്റെ സന്ദർശന റൂട്ടിൽ മാറ്റംവരുത്തി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി പൂന്തുറ സന്ദർശിച്ച ശേഷമായിരിക്കും രാജ്ഭവനിലെ യോഗത്തിൽ പങ്കെടുക്കുന്നത്.












Click it and Unblock the Notifications