ഓഖി ദുരന്തം; ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണസംഖ്യ 50 കവിഞ്ഞു? ചങ്കിടിപ്പ് മാറാതെ തീരവാസികൾ...
അതേസമയം, മരണസംഖ്യ 49 ആണെന്നാണ് ഔദ്യോഗിക കണക്ക്.
കോഴിക്കോട്/കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ കടലിൽ കാണാതായവരിൽ ആറു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കോഴിക്കോട്, താനൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അൻപത് കവിഞ്ഞു. അതേസമയം, മരണസംഖ്യ 49 ആണെന്നാണ് ഔദ്യോഗിക കണക്ക്.
ചൊവ്വാഴ്ച രാവിലെയാണ് താനൂരിൽ നിന്നും കോഴിക്കോട് നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവയെല്ലാം ഉച്ചയോടെ കരയിലെത്തിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ടെടുത്ത നാലു മൃതദേഹങ്ങൾ ബേപ്പൂർ തീരത്തെത്തിച്ചതിന് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. താനൂരിൽ നിന്ന് കിട്ടിയ മൃതദേഹവും കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പൊന്നാനി, ചെല്ലാനം എന്നിവിടങ്ങളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.

ദിവസേന കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എത്രപേരെ കാണാതായെന്നു സംബന്ധിച്ച് ഇതുവരെയും വ്യക്തതയില്ല. മൂന്നുറോളം പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ തീരദേശവാസികൾ പറയുന്നത്. അതേസമയം, 98 പേരെക്കുറിച്ച് മാത്രമാണ് വിവരം ലഭിക്കാത്തതെന്നാണ് റവന്യൂ വകുപ്പ് അറിയിച്ചത്.












Click it and Unblock the Notifications