സ്വർണം വിൽക്കാൻ പോകുന്നുണ്ടോ?പറ്റിക്കാപെടാതിരിക്കാൻ ചെയ്യേണ്ടത് ഇതൊക്കെ..വെറുതെ പണം കൊണ്ടുപോയി കളയേണ്ട
ഇറാൻ-യുഎസ് വെടിനിർത്തലോടെ അന്താരാഷ്ട്ര സ്വർണവില വീണ്ടും ഉയർന്നിരിക്കുകയാണ്. ട്രോയ് ഔൺസിന് 4,700–4,800 ഡോളറിനും ഇടയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്. 2026 അവസാനത്തോടെ 6,000 അല്ലെങ്കിൽ 6,300 ഡോളർ വരെ വില ഉയരാമെന്ന പ്രവചനങ്ങളാണ് ജെപി മോർഗൻ, ബാങ്ക് ഓഫ് അമേരിക്ക പോലുള്ള സ്ഥാപനങ്ങൾ പ്രവചിക്കുന്നത്.
എന്തായാലും ഒരിടവേളയ്ക്ക് ശേഷം വില കുതിച്ച് ഉയർന്ന് തുടങ്ങിയതോടെ മലയാളികൾ വീണ്ടും പഴയ സ്വർണവുമായി ജ്വല്ലറികളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പണം നഷ്ടമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. തിടുക്കത്തിലുള്ള തീരുമാനങ്ങൾ ഓരോ ഇടപാടിലും കുറഞ്ഞത് 20,000 രൂപ വരെ നഷ്ടമുണ്ടാക്കാമെന്ന് വിദഗ്ധരും ജ്വല്ലറികളും മുന്നറിയിപ്പ് നൽകുന്നത്.വിശദമായി അറിയാം

1. തത്സമയ വിലകൾ പരിശോധിക്കാം: കൈയ്യിലിരിക്കുന്ന സ്വർണം വിറ്റേക്കാമെന്നാ ഓർത്ത് വില വിവരങ്ങൾ പരിശോധിക്കാതെ ജ്വല്ലറികളിലേക്ക് ഓടുന്നവരുണ്ട്. അത് നിങ്ങൾക്ക് നഷ്ടമേ വരുത്തുള്ളൂ. അതിനാൽ എല്ലാ ദിവസം വില കൃത്യമായി പരിശോധിക്കണം. പ്രത്യേകിച്ച് ചില ദിവസങ്ങളിൽ മൂന്നും നാലും തവണയൊക്കെ വില മാറാറുണ്ട്. അതിനാൽ ഉയർന്ന വില ഉണ്ടെന്ന് ഉറപ്പാക്കി മാത്രം ജ്വല്ലറികളിലേക്ക് പോകുന്നതാകും ഉചിതം.
2. ഒന്നിലധികം കടകളിലെ വിലകൾ താരതമ്യം ചെയ്യാം: ആദ്യം കയറി ചെല്ലുന്ന കടയിൽ പോയി സ്വർണം വിറ്റ് വന്നാൽ ചിലപ്പോൾ വലിയ നഷ്ടങ്ങൾ ഉണ്ടായേക്കാം. വലിയ ബ്രാൻഡഡ് ശൃംഖലകൾ മെച്ചപ്പെട്ട ബൈബാക്ക് നൽകാറുണ്ട്. എന്നാൽ ചെറിയ കടകളിൽ കൂടുതൽ വില ലഭിച്ചേക്കാം.
3. പരിശുദ്ധി പരിശോധനയും കിഴിവുകളും: സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കി വേണം വിൽക്കാൻ പോകാൻ. പരിശുദ്ധി ഇല്ലെന്ന് പറഞ്ഞ് ചിലപ്പോൾ ജ്വല്ലറികൾ അർഹിക്കുന്ന മൂല്യം തരാൻ വിസമ്മതിച്ചേക്കും. , ഉരുക്കുന്നതിനുള്ള വേസ്റ്റേജ് ചാർജുകൾ (സാധാരണ 5%-8%) ഉൾപ്പെടെയുള്ള കാര്യങ്ങളിലും ധാരണ വേണം. ഇവയെല്ലാം ചോദിച്ച് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കല്ലുകളും മുത്തുകളും പതിപ്പിച്ച ആഭരണങ്ങൾ വിൽക്കുമ്പോൾ അവയുടെ വില കുറച്ച് മാത്രമേ പണം ലഭിക്കുകയുള്ളൂവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
4. പണിക്കൂലി തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്: വാങ്ങുമ്പോൾ നൽകിയ പണിക്കൂലി തിരികെ ലഭിക്കണമെന്ന് വാശിപിടിച്ചാൽ സ്വർണം നിങ്ങളുടെ കൈയ്യിൽ തന്നെ ഇരിക്കും. സ്വർണം വിൽക്കുമ്പോൾ നിലവിലെ വിപണി വിലയിലെ ശുദ്ധമായ സ്വർണത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് തുക ലഭിക്കുന്നത്. വാങ്ങിയ പണിക്കൂലി (പലപ്പോഴും 10%–25%) തിരികെ ലഭിക്കാറില്ല. ഇത് മനസ്സിലാക്കാത്തവർക്ക് അവസാന തുക ലഭിക്കുമ്പോൾ നിരാശയുണ്ടാകാറുണ്ട്.
5. ഇടനിലക്കാരെ പേടിക്കണം: സ്വർണ വില ഉയർന്നതോടെ ചില ഇടനിലക്കാർ പൊങ്ങി വരുന്നുണ്ടെന്നാണ് ജ്വല്ലറികൾ മുന്നറിയിപ്പ് നൽകുന്നത്. നിഷ്കളങ്കരായ വിൽപ്പനക്കാരെ കബളിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് ഇവർ സ്വർണം എടുക്കുന്ന സംഭവങ്ങൾ ഇപ്പോൾ കൂടുന്നുണ്ട്. ബിഐഎസ് ഹാൾമാർക്ക് ചെയ്ത ജ്വല്ലറികളിലോ അംഗീകൃത അസ്സേ സെന്ററുകളിലോ മാത്രം സ്വർണം വിൽക്കാം, മാത്രമല്ല രസീതപകളും കൃത്യമായി ആവശ്യപ്പെടണം.
6. കാത്തിരിപ്പിലാണോ:വില ഇടിയുമെന്ന് ഭയന്ന് വേഗം കൊണ്ടുപോയി സ്വർണം വിൽക്കുന്നവരും ഉണ്ട്, ഇനിയും വില ഉയരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരും ഉണ്ട്. ഈ രണ്ട് സമീപനങ്ങളും തിരിച്ചടിയാകാൻ സാധ്യതയുണ്ട്. അതിനാൽ പ്രായോഗിക തീരുമാനം കൈക്കൊള്ളാൻ പഠിക്കണം.
7. നികുതികളും രേഖകളും അവഗണിക്കുന്നു: നികുതികളും രേഖകളും പലരും അവഗണിക്കാറുണ്ട്. ചെറിയ വിൽപ്പനകൾക്ക് ജിഎസ്ടി ബാധകമല്ലെങ്കിലും, മൂന്ന് വർഷത്തിൽ താഴെ കൈവശം വെച്ച് വിൽക്കുന്ന വലിയ ലാഭങ്ങൾക്ക് മൂലധന നേട്ട നികുതി ബാധകമായേക്കാം. രസീതുകൾ പ്രധാനമാണ്. എന്നാൽ, പാരമ്പര്യമായി കൈവശം വെക്കുന്ന പല കുടുംബങ്ങൾക്കും രേഖകളില്ലാത്തത് കാര്യങ്ങൾ സങ്കീർണ്ണമാക്കാറുണ്ട്.












Click it and Unblock the Notifications