സ്വർണം വില്‍ക്കാന്‍ പോവുകയാണോ: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പറ്റിക്കപ്പെടും, കാശും പോവും
റെക്കോർഡ് നിരക്കില്‍ നിന്നും സ്വർണ വില ഇടിയുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. രണ്ട് ദിവസം വില ഉയർന്നതിന് ശേഷം കഴിഞ്ഞ ദിവസം ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറയുകയായിരുന്നു. ഇതോടെ ഗ്രാമിന് 5,650 രൂപയിലും പവന് 45,200 രൂപയിലുമാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 5,720 രൂപയിലും പവന് 45,760 രൂപയിലുമായിരുന്നു വ്യാപാരം.
അതേസമയം റെക്കോര്‍ഡ് വില കാരണം സ്വർണ ഡിമാന്റ് കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉയർന്ന വില കാരണം ജനുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 17% കുറഞ്ഞ് 112.5 ടണ്ണായി എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം തന്നെയാണ് പഴയ സ്വർണം വില്‍ക്കുന്നവരുടേയും എണ്ണം വലിയ തോതില്‍ കൂടിയിട്ടുണ്ടെന്ന് സ്വർണ വ്യാപാര രംഗത്തെ ആളുകള്‍ വ്യക്തമാക്കുന്നത്.

എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കില്‍ സ്വർണം വില്‍ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ സ്വർണം വിറ്റേ കഴിയു എന്നാണെങ്കില്‍ മികച്ച മൂല്യം തന്നെ കിട്ടാന്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ ചില കാര്യങ്ങളാണ് ഇവിടെ ഇനി പറയാന്‍ പോവുന്നത്.
സ്വർണം വില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ജ്വല്ലറികളിലെ സ്വർണ വില എല്ലാദിവസവും അറിഞ്ഞിരിക്കണം. അങ്ങോട്ട് വില്‍ക്കാന്‍ ചെല്ലുമ്പോള്‍ വിപണി വിലയായിരിക്കില്ല നമുക്ക് ലഭിക്കുക. ഓരോ ജ്വല്ലറിയും ഓരോരോ രീതിയിലാണ് വില തരിക. അതിനാൽ പല ജ്വല്ലറികളില്‍ സമീപിച്ച് കിട്ടാവുന്ന വില അറിയണം. എന്നിട്ട് ഏറ്റവും കൂടുതല്‍ വില കിട്ടുന്നിടത്ത് വേണം വില്‍ക്കാന്‍.
കഴിയുന്നതും വാങ്ങിയ ജ്വല്ലറിയില്‍ തന്നെ വില്‍ക്കാന്‍ ശ്രമിക്കണം. മൂല്യത്തിലെ തർക്കങ്ങളൊക്കെ ഒഴിവാക്കി പരമാവധി വില കിട്ടാന്‍ ഇതിലൂടെ സാധിക്കും. വാങ്ങിയ സമയത്തെ ബില്‍ സൂക്ഷിച്ച് വെച്ച് വില്‍ക്കുമ്പോള്‍ അത് ജ്വല്ലറികളില്‍ നല്‍കുക. അതുവഴി ശുദ്ധത, തൂക്കം എന്നിവ സംബന്ധിച്ചുള്ള തര്‍ക്കം പൂര്‍ണമായും ഒഴിവാക്കാം. വാങ്ങിയ സ്ഥലത്ത് അല്ല വില്‍ക്കുന്നതെങ്കിലും ഗുണം ചെയ്യും.

ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ പുതിയ ഫാഷനിലും സങ്കീര്‍ണമായ ഡിസൈനിലും ഉള്ളവ വിൽക്കാതിരിക്കുക. ഇവയുടെ ണിക്കൂലി, പണിക്കുറവ് എന്നിവ ഉയര്‍ന്നതാകും. പലപ്പോഴും 22 കാരറ്റ് ആകണമെന്നുമില്ല. കയ്യിലുള്ള ആഭരണങ്ങളില്‍ വില്‍ക്കാന്‍ ഏറ്റവും ഉചിതം ലളിതമായ ഡിസൈനിൽ കല്ലും മറ്റും ഇല്ലാത്ത ചെയിന്‍, വള തുടങ്ങിയ ആഭരണങ്ങളായിരിക്കും.
ബില്‍ കൈവശം ഉണ്ടെങ്കില്‍ സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉണ്ടാകില്ല. അല്ലെങ്കില്‍ മോഷണ മുതലാണോ എന്നത് അടക്കമുള്ള സംശയങ്ങള്‍ ഉയരാം. പഴയ ആഭരണങ്ങളുടെയൊക്കെ ശുദ്ധത വില്‍ക്കുന്നതിന് മുമ്പ് ഉറപ്പാക്കിയില്ലെങ്കില്‍ പറ്റിക്കപ്പെടാന്‍ സാധ്യതയുണ്ട്. ബിഐഎസ് ഓഫിസുകളില്‍ അതിന് അവസരം ഉണ്ട്. പല ജ്വല്ലറികളിലും കാരറ്റ് അനലൈസര്‍ സൗകര്യവും ലഭ്യമാണ്.
ജ്വല്ലറികളില്‍ മാത്രമല്ല, റീ സൈക്കിളിങ് സ്ഥാപനങ്ങളും, സ്വര്‍ണവായ്പ സ്ഥാപനങ്ങളും സ്വര്‍ണം വാങ്ങുന്നുണ്ട് കാഷ് ഫോര്‍ ഗോള്‍ഡ് ഷോപ്പുകളും വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്. അതേസമയം ബാങ്കില്‍ നിന്നും സ്വർണ നാണയങ്ങള്‍ വാങ്ങാന്‍ കഴിയുമെങ്കിലും ഇത് ബാങ്ക് തിരിച്ചെടുക്കില്ല. ഈ സാഹചര്യത്തില്‍ ജ്വല്ലറികളാവും നിങ്ങള്‍ക്ക് ഉപകാരപ്പെടുക.
അതേസമയം പലരും അറിയാത്ത കാര്യമാണ് സ്വർണം വില്‍ക്കുമ്പോഴുള്ള നികുതി. സ്വർണം വാങ്ങിയശേഷം മൂന്ന് വർഷത്തിനുള്ളിൽ സ്വർണം വിൽക്കുകയാണെങ്കിൽ ഹൃസ്വകാല മൂലധന നികുതിയും മൂന്ന് വർഷത്തിന് ശേഷം വിൽക്കുന്ന സ്വർണത്തിന് ദീർഘകാല മൂലധന നികുതിയും നല്‍കേണ്ടി വരും. ലാഭത്തിന്റെ 20 ശതമാനമാണ് സ്വർണത്തിന് നികുതി കൊടുക്കേണ്ടത്. അതേസമയം സ്വർണം വിറ്റു കിട്ടുന്ന മുഴുവൻ തുകയും വീട് വാങ്ങുന്നതിനായി നിക്ഷേപിക്കുകയാണെങ്കിൽ സെക്ഷൻ 54 എഫ് പ്രകാരം ഇളവ് ലഭിക്കും.












Click it and Unblock the Notifications