സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ്
സ്വർണ വില കുതിക്കുമ്പോൾ വാങ്ങുന്നതിനേക്കാൾ കൂടുതൽ പേർ എത്തുന്നത് വിൽക്കാനാണെന്നാണ് നാട്ടിലെ ജ്വല്ലറി വ്യാപാരികൾ വ്യക്തമാക്കിയത്. എന്നാൽ നാട്ടിൽ മാത്രമല്ല യു.എ.ഇയിലും ഇപ്പോൾ ഇത് തന്നെയാണ് അവസ്ഥ. ആളുകൾ കൂട്ടത്തോടെ എത്തി സ്വർണം വിറ്റ് പോകുകയാണെന്നാണ് ജ്വല്ലറിക്കാർ പറയുന്നത്. ആഭരണങ്ങൾ മാത്രമല്ല സ്വർണക്കട്ടികളും നാണയങ്ങളുമെല്ലാം വിൽക്കുന്നുണ്ടത്രേ. ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ് ഇത്തരത്തിൽ എത്തുന്നതെന്നും ഇവർ വിശദീകരിക്കുന്നു.
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ സ്വർണം വിൽക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയതെന്നും വ്യാപാരികൾ. പുരുഷൻമാരും സ്ത്രീകളും വരുന്നുണ്ട്. ദിവസം ഒരു കിലോഗ്രാം വരെ സ്വർണം ഇത്തരത്തിൽ വാങ്ങുന്നുണ്ടെന്ന് ജ്വല്ലറിക്കാർ വ്യക്തമാക്കി. സാമ്പത്തിക ഭദ്രതയുള്ള വ്യക്തികൾ ഈ പണം വിദേശ ബാങ്കുകളിൽ നിക്ഷേപിക്കുകയാണ്. ഇത്തരത്തിൽ വിറ്റ് പണമാക്കുന്നതൊക്കെ പതിവില്ലാത്ത കാര്യമാണ്',ബർ ദുബായിൽ നിന്നുള്ള വ്യാപാരിയെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

'മാന്ദ്യമുള്ള വിപണിയിൽ പോലും സ്വർണ്ണം വിൽക്കാൻ എളുപ്പമാണ്. കാര്യമായ സ്വർണം കൈവശമുള്ള ചില പ്രവാസികൾ ഡോളർ ശക്തിപ്പെടുന്ന ഈ സാഹചര്യത്തിൽ ആസ്തികൾ വൈവിധ്യവത്കരിക്കാനും വിദേശത്ത് പണം സൂക്ഷിക്കാനും സ്വർണ്ണം വിൽക്കുന്നത് സ്വാഭാവികമാണ്. സ്വർണ്ണം സ്വതന്ത്രമായി പുറത്തേക്ക് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ട് കൂടിയാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
ചില്ലറ വ്യാപാരികൾ സ്വർണം 4-5% വരെ കിഴിവിലാണ് വാങ്ങുന്നത്.അതേസമയം പ്രമുഖ ബ്രാൻഡഡ് ജ്വല്ലറികൾ അവർ മുൻപ് വിറ്റ ആഭരണങ്ങൾ മാത്രമാണ് തിരികെ വാങ്ങാൻ തയ്യാറാകുന്നത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ യുഎഇയിൽ സ്വർണം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. അതിനാൽ വലിയ ഡിസ്കൌണ്ടിലാണ് സ്വർണം ഇപ്പോൾ ദുബായിൽ ലഭിക്കുന്നത്. എന്ന് വെച്ച് അവിടെ നിന്ന് ധാരാളം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്നതൊന്നും എളുപ്പമല്ല.
യാത്രക്കാർക്ക് ധരിച്ചോ ബാഗേജിലോ കൊണ്ടുപോകുന്ന ആഭരണങ്ങൾ ഡ്യൂട്ടി ഫ്രീയായി തിരികെ കൊണ്ടുവരാം, പക്ഷേ ഇത് പരിശോധനകൾക്ക് വിധേയമായിരിക്കും. ഇതിനുപുറമെ, ഒരു സ്ത്രീക്ക് 40 ഗ്രാമും ഒരു പുരുഷന് 20 ഗ്രാമും ഡ്യൂട്ടി രഹിതമായി സ്വർണ്ണം കൊണ്ടുവരാൻ അനുവാദം ഉണ്ട്. ഈ പരിധിക്ക് മുകളിലാണെങ്കിൽ ഒരു കിലോഗ്രാം വരെ സ്വർണത്തിന് 5 ശതമാനം വരെ ഡ്യൂട്ടി നൽകേണ്ടി വരാറുണ്ട്.
"കടകൾ ഒരു ഗ്രാമിന് 583-589 ദിർഹത്തിനാണ് സ്വർണ്ണം വാങ്ങുന്നത്. സ്വർണ്ണക്കട്ടികൾക്ക് പകരം 22 കാരറ്റ് സ്വർണ്ണാഭരണങ്ങളാക്കി മാറ്റി കൊണ്ടുപോകാനാണ് ഞങ്ങൾ ഉപദേശിക്കുന്നത്, അത് നാട്ടിലേക്ക് കൊണ്ടുപോകാൻ കൂടുതൽ എളുപ്പമായിരിക്കും," ഗോൾഡ് സൂക്ക് എക്സ്റ്റൻഷനിലെ ജ്വല്ലറി കടയിലെ ജീവനക്കാരൻ പറഞ്ഞു.
വർഷങ്ങളായി സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്ന പലരും കൈവശമുള്ള സ്വർണ്ണത്തിന്റെ യഥാർത്ഥ അളവ് അടുത്ത ബന്ധുക്കളോട് പോലും വെളിപ്പെടുത്താറില്ലെന്ന് മുതിർന്ന സ്വർണ്ണ വിശകലന വിദഗ്ദ്ധൻ ഭാർഗ്ഗവ് വൈദ്യ നിരീക്ഷിച്ചു. സ്വർണ്ണം വിൽക്കുന്നതിന് മറ്റ് കാരണങ്ങളും ഉണ്ടാകാം. കാരണം യുഎഇയിൽ ഇന്ന് ഒരു ബുദ്ധിമുട്ടുമില്ലാതെ വിൽക്കാൻ കഴിയുന്ന ഒരേയൊരു ആസ്തി പക്ഷേ സ്വർണമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications