പൂവാറിൽ പെട്രോൾ പകരുന്നതിനിടെ തീപിടിച്ച് വൃദ്ധൻ മരിച്ചു
തിരുവനന്തപുരം: മരുമകന് മത്സ്യ ബന്ധനത്തിന് പോകാനായി കന്നാസിൽ നിന്ന് പെട്രോൾ പകരുന്നതിനിടെ തീ പിടിച്ച് വൃദ്ധൻ മരിച്ചു. പൂവാർ പള്ളം പുരയിടത്തിൽ പൗലോസാണ് (70) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൗലോസ് മകൾ സീനയ്ക്കൊപ്പമാണ് താമസം. സീനയുടെ ഭർത്താവ് അഡോൾഫ് മത്സ്യത്തൊഴിലാളിയാണ്. ഇവരുടെ വീടിനോട് ചേർന്ന് മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്നിടത്താണ് പൗലോസ് പതിവായി ഉറങ്ങാൻ കിടക്കുന്നത്.
എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ മത്സ്യബന്ധനത്തിന് പോകുന്ന അഡോൾഫിന് കൊണ്ടുപോകാനായി വലിയ കന്നാസിൽ നിന്ന് ചെറിയ കന്നാസിലേക്ക് പെട്രോൾ പകർന്നു നൽകുന്നത് പൗലോസാണ്. ഇന്നലെയും പതിവുപോലെ പെട്രോൾ പകരുന്നതിനിടെ എങ്ങനെയോ തീപടർന്ന് പൗലോസിന് പൊള്ളലേറ്റു.

നിലവിളി കേട്ട് ഉണർന്ന വീട്ടുകാർ ഓടിയെത്തിയെങ്കിലും കന്നാസിൽ നിന്ന് തീ പരിസരമാകെ വ്യാപിച്ചതിനാൽ അടുത്തേക്ക് ചെല്ലാൻ കഴിഞ്ഞില്ല. അയൽക്കാരുടെ സഹായത്തോടെ തീ കെടുത്തിയശേഷം പൗലോസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സെൽവ ദാസി. മക്കൾ: ബീന, ജോഹിൻ, മൈക്കിൾ, ബീന, റീന, ലീന.












Click it and Unblock the Notifications