യാത്രക്കാരെ പെരുവഴിയിലാക്കി ഒമാൻ എയർവേയ്സ്! കരിപ്പൂരിൽ ഇറങ്ങേണ്ടവരെ കൊച്ചിയിൽ ഇറക്കി! മിണ്ടിയാൽ കേസ്
ഒക്ടോബർ ഏഴ് ശനിയാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കൊച്ചി: കരിപ്പൂരിലിറങ്ങേണ്ട ഒമാൻ എയർവേയ്സ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലേക്കുള്ള യാത്രാസൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധിച്ചവരെ വിമാനത്തിനുള്ളിൽ നിന്നും ബലമായി ഇറക്കിവിട്ടു.
ഒക്ടോബർ ഏഴ് ശനിയാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് കരിപ്പൂരിലിറങ്ങേണ്ട ഒമാൻ എയർവേയ്സ് വിമാനം നെടുമ്പാശേരിയിൽ ഇറക്കിയത്. 120 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

നെടുമ്പാശേരിയിലിറക്കിയ യാത്രക്കാരോട് പിന്നീടാണ് വിമാനം കരിപ്പൂരിലേക്ക് പോകില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്. പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞതിനാൽ വിമാനം കരിപ്പൂരിലേക്ക് എത്തിക്കാനാവില്ലെന്നായിരുന്നു എയർവേയ്സ് അധികൃതരുടെ നിലപാട്.
നെടുമ്പാശേരിയിൽ നിന്നും കരിപ്പൂരിലേക്ക് യാത്രാ സൗകര്യം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ വിമാനത്തിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല. നാലര മണിക്കൂറോളം 120 യാത്രക്കാർ വിമാനത്തിൽ തന്നെ കുത്തിയിരുന്നു പ്രതിഷേധിച്ചു.
യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ഒമാൻ എയർവേയ്സ് അധികൃതർ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസും എത്രയും പെട്ടെന്ന് വിമാനത്തിൽ നിന്നിറങ്ങാൻ യാത്രക്കാരോട് ആവശ്യപ്പെട്ടു. തുടർന്നാണ് 120 യാത്രക്കാരും വിമാനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും, നാലര മണിക്കൂറോളം വെള്ളമോ ഭക്ഷണമോ നൽകാൻ അധികൃതർ തയ്യാറായില്ലെന്നും യാത്രക്കാർ ആരോപിച്ചു.












Click it and Unblock the Notifications