ഷുഹൈബിനെ കൊന്നത് താലിബാൻ മോഡലിൽ.. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയവരെ മൂന്ന് ദിവസം കഴിഞ്ഞിട്ടും പിടികൂടാത്ത പോലീസിനെതിരെ പ്രതിഷേധം കനക്കുന്നു. പോലീസ് അനാസ്ഥയ്‌ക്കെതിരെ നിരാഹാരമിരിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അതിനിടെ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. താലിബാന്‍ മോഡലിലാണ് ഷുഹൈബിനെ അക്രമികള്‍ വെട്ടിവീഴ്ത്തിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുകളാണ് ഉണ്ടായിരുന്നത്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഭയപ്പെടുത്തുന്നതാണ്. പോലീസിന്റെ നീക്കം സിപിഎം നല്‍കുന്ന ഡമ്മി പ്രതികളെ പിടികൂടുക എന്നതാണ്. യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഈ കൊലപാതകത്തിന് എതിരെ ഇന്ന് പ്രതികരിച്ചില്ലെങ്കിൽ നാളെ പലർക്കും ഈ അനുഭവം ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.












Click it and Unblock the Notifications