അത്തം പത്ത്, ഇന്ന് തിരുവോണം: പൊന്നിന്‍ തിരുവോണത്തെ ആഘോഷപൂർവ്വം വരവേറ്റ് മലയാളികള്‍
ഇന്ന് അത്തം പത്ത്, തിരുവോണം. ഐശ്വര്യപൂർണ്ണമായ പൊന്നിന്‍ തിരുവോണത്തെ ആഘോഷപൂർവ്വം വരവേല്‍ക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. നാടും നഗരവും തുടങ്ങി മലയാളികള്‍ ഉള്ള ഇടങ്ങളെല്ലാം ആഘോഷ ലഹരിയിലാണ്. വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം നേരത്തെ തന്നെ ഓണാഘോഷം അരങ്ങേറിയിരുന്നു. ഓണക്കോടിയും പൂക്കളവും സദ്യയുമായി വർണ്ണാഭമായിട്ടാണ് എന്നത്തേയും പോലെ ഇന്നും മലയാളികള്‍ തിരുവോണം ആഘോഷിക്കുന്നത്.ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോരുത്തരും ഓണത്തെ കാത്തിരിക്കുന്നത്. എന്നും ഐശ്വര്യവും സമൃദ്ധി സമാധാനവും ഉണ്ടാവണേ എന്ന പ്രാർത്ഥനയോടേയും തിരുവോണ ദിനം ആരംഭിക്കുന്നു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കർ ഉള്‍പ്പെടേയുള്ളവർ മലയാളികള്‍ക്ക് ഓണാംശസ നേർന്ന് രംഗത്ത് വന്നു. 'നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഓണത്തിന്റെ സന്തോഷകരമായ അവസരത്തിൽ ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. ഐക്യത്തിന്റെയും വിളവെടുപ്പിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ആഘോഷമാണ് ഓണം.ഇത് സമൂഹത്തെ പാരമ്പര്യങ്ങളുടെ നൂലിഴകളാൽ ബന്ധിപ്പിച്ചിരിക്കുന്നു.', ഉപരാഷ്ട്രപതി പറഞ്ഞു.

മഹാബലി ചക്രവർത്തിയുടെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണം, പരോപകാരത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. നമ്മുടെ കർഷക സമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തെ ആദരിക്കുന്നതിനും പ്രകൃതി മാതാവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സന്ദർഭം കൂടിയാണിത്. ഓണത്തിന്റെ ചൈതന്യം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്നും ഉപരാഷ്ട്രപതി കുറിച്ചു.
ഓണം പകർന്നു നൽകുന്നത് സമഭാവനയുടെ സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിഡി സതീശന്‍
പ്രതികൂലമായ ഏതൊരു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നത്. അത്തരത്തില്‍ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കെട്ടകാലത്ത് ജാതി മത വര്‍ണ വ്യത്യാസങ്ങള്‍ മറന്ന് നമുക്ക് ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും. എല്ലാ മലയാളികള്‍ക്കും സമൃദ്ധവും സന്തോഷകരവുമായ ഓണം ആശംസിക്കുന്നു.
ഏവർക്കും വണ്‍ഇന്ത്യ കുടുംബത്തിന്റെയും തിരുവോണ ആശംസകള്‍












Click it and Unblock the Notifications