'2 വീട് വെച്ചു, ബാക്കി പണം കൊണ്ട് ചെയ്തത് ഇതാണ്';തുറന്ന് പറഞ്ഞ് അനൂപ്..'ഭാഗ്യവും ഭാഗ്യക്കേടും'
തിരുവനന്തപുരം: ഓണം ബംബർ 2023 ന്റെ 25 കോടി നേടുന്ന ഭാഗ്യവാൻ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. ബുധനാഴ്ച ഉച്ചയ്ക്ക് 2 നാണ് നറുക്കെടുപ്പ്. എന്തായാലും അടുത്ത ഭാഗ്യശാലിയെ മലയാളികൾ കാത്തിരിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ഭാഗ്യവാനും ചിലത് പറയാനുണ്ട്.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് ലോട്ടറി അടിച്ചതിന് മുൻപും ശേഷവും തന്റെ ജീവിതത്തിൽ ഉണ്ടായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജീവിതം മാറി മറിഞ്ഞുവെന്ന് അനൂപ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അനൂപിന്റെ പ്രതികരണം.

'ലോട്ടറി അടിച്ചിട്ട് ഒരുവർഷമാകുന്നു. സമ്മാനം എനിക്കാണെന്ന് അറിഞ്ഞപ്പോൾ തന്നെ ഇക്കാര്യം പെട്ടെന്ന് പുറത്ത് പറയേണ്ടെന്ന് ഭാര്യ എന്നെ ഉപദേശിച്ചിരുന്നു. എന്നാൽ ലോട്ടറി അടിച്ച ആവേശത്തിൽ ഞാൻ എല്ലാവരോടും തുറന്ന് പറഞ്ഞു. അതോടെ തന്റെ ഭാഗ്യവും ഭാഗ്യക്കേടും തുടങ്ങി', അനൂപ് പറയുന്നു.
സഹായം അഭ്യർത്ഥിച്ച് വരുന്നവരുടെ ഒഴുക്കായിരുന്നു. ഒടുക്കം ശ്രീവരാഹത്ത് നിന്ന് വീട് മാറേണ്ടി വന്നു. പുതിയ വീട്ടിലേക്ക് ഞാൻ എത്തും മുൻപ് തന്നെ ചിലർ വന്ന് എന്നെ കാത്തിരിപ്പുണ്ടായിരുന്നു. പലരേയും സഹായിച്ചിട്ടുണ്ട്. എന്നാൽ എല്ലാവരേയും സഹായിക്കുന്നത് സാധ്യമായ കാര്യമല്ല. ഇപ്പോഴും സഹായ പ്രവാഹമാണ്. പല കോളുകളും എടുക്കാറില്ല ഞാൻ.
ലോട്ടറി അടിച്ചതിന് ശേഷം പുറത്ത് പോകാൻ പറ്റാത്ത അവസ്ഥയാണ്. മുൻപ് എനിക്ക് ഓട്ടോറിക്ഷയായിരുന്നു. ലോട്ടറി അടിച്ചതിന് പിന്നാലെയും ഓട്ടോ എടുത്തെങ്കിലും നിനക്ക് എന്തിനാണ് പണം എന്നാണ് പലരും ചോദിക്കുന്നത്. ഇപ്പോൾ അനിയനാണ് ഓട്ടോ ഓടിക്കുന്നത്. പണ്ട് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. ചില അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പിണങ്ങി എന്ന വിഷമം മാത്രമേ ഉള്ളൂ', അനൂപ് വ്യക്തമാക്കി.
25 കോടി അടിച്ചിട്ട് എന്ത് ചെയ്തു എന്ന ചോദ്യത്തിന് അനൂപിന്റെ മറുപടി ഇങ്ങനെ-' 25 കോടി അടിച്ചതിൽ 15 കോടി 75 ലക്ഷം രൂപയാണ് കിട്ടിയത്. അതിൽ നിന്നും കേന്ദ്ര നികുതിയും കഴിഞ്ഞ് 12 കോടിയോളം രൂപ ലഭിച്ചു. ഏകദേശം രണ്ടേ മുക്കാല്‍ കോടി അടുപ്പിച്ച് കേന്ദ്ര നികുതി അടച്ചു. രണ്ട് വീട് വാങ്ങി, കുറച്ച് സ്ഥലവും. ബാക്കി ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുകയാണ് ചയ്തത്. ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട കാര്യമാണ് ഞാൻ പടിച്ചത്. അതുകൊണ്ട് തന്നെ ആ മേഖലയുമായി ബന്ധപ്പെട്ട ബിസിനസാണ് നോക്കുന്നത്. ഇപ്പോൾ ഒരു ലോട്ടറി കട ആരംഭിച്ചിട്ടുണ്ട്. അത് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്', അനൂപ് പറഞ്ഞു.












Click it and Unblock the Notifications