ഓണം ബംബർ അടിച്ചാല്‍ ആദ്യം ടിക്കറ്റെടുത്ത് പുറകില്‍ പേരെഴുതി ഒപ്പിടണം: പിന്നീടും ചെയ്യാനുണ്ട് ഒരുപാട്
തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംബർ നറുക്കെടുപ്പ് നാളെ നടക്കാന്‍ പോവുകയാണ്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും 25 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും ആകെ സമ്മാനത്തുകയില്‍ വർധനവുണ്ട്. കൂടുതല്‍ പേർക്ക് സമ്മാനം ലഭിക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ആകെ അച്ചടിച്ച 85 ലക്ഷം ടിക്കറ്റില്‍ 71.5 ലക്ഷം ടിക്കറ്റുകള്‍ കഴിഞ്ഞ ദിവസത്തോടെ തന്നെ വിറ്റു കഴിഞ്ഞു. കഴിഞ്ഞ വർഷം 67 ലക്ഷത്തോളം ടിക്കറ്റായിരുന്നു ആകെ വിറ്റത്.
ലോട്ടറി ടിക്കറ്റ് അടിച്ചാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയാവുന്ന കാര്യമാണ്. 10000 ത്തിന് താഴെയുള്ള സമ്മാനത്തുകയാണെങ്കില്‍ ഏജന്‍സികള്‍ തന്നെ തുക കൈമാറും. അതിന് മുകളിലുള്ളതാണെങ്കില്‍ ലോട്ടറി വകുപ്പ് ഓഫീസുകളില്‍ നിന്നോ ബാങ്കില്‍ നിന്നോ ആയിരിക്കും സമ്മാനം ലഭിക്കുക. അതേസമയം തന്നെ സമ്മാനം ലഭിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ലോട്ടറി ഓഫീസില്‍ ഹാജരാക്കേണ്ടത് എന്ന കാര്യത്തില്‍ പലർക്കും സംശയം ഉണ്ടാവും. അത്തരം കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.

സമ്മാനം ലഭിച്ച ലോട്ടറി കൈവശം ഉണ്ടായിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. സമ്മാനം അടിച്ചെന്ന് ഉറപ്പായി കഴിഞ്ഞാല്‍ ലോട്ടറി ടിക്കറ്റിന്റെ പിന്‍ഭാഗത്ത് നിര്‍ദ്ദിഷ്ട സ്ഥലത്ത് ആധാര്‍കാര്‍ഡില്‍ ഉള്ളതുപോലെ പേരും മേല്‍വിലാസവും എഴുതി ഒപ്പിടണം. അതിനുശേഷം ലോട്ടറിയുടെ ഇരുവശത്തിന്റെയും ഫോട്ടോകോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം.
ഈ ഫോട്ടോകോപ്പികള്‍ക്കൊപ്പം യഥാര്‍ഥ ടിക്കറ്റും കൂടി ബാങ്കിലോ ജില്ലാ ലോട്ടറി ഓഫീസിലോ ഹാജരാക്കണം. ലോട്ടറി ടിക്കറ്റിന് പുറമെ, ബാങ്ക് അക്കൗണ്ട് രേഖകള്‍, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയും നല്‍കണം. ആധാറിന്റെയും പാന്‍കാര്‍ഡിന്റെയും ഇരുപുറവും ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വേണം ബാങ്കിലും ലോട്ടറി ഓഫീസിലും സമർപ്പിക്കാന്‍.
ലോട്ടറി ടിക്കറ്റ് സമർപ്പിച്ചാല്‍ നിങ്ങള്‍ക്ക് സമ്മാനത്തുക ലഭിക്കില്ല. അതിന് ലോട്ടറി ഓഫീസില്‍ നിന്നോ കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ കിട്ടുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സമ്മാനാര്‍ഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിക്കണം. ഈ ഫോട്ടോയില്‍ ഒരു ഗസറ്റഡ് ഓഫീസറുടെ ഒപ്പും പേരും സീലും വേണം.
ജന്‍ധന്‍, സീറോ ബാലന്‍സ് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറില്ലെന്നതും പ്രത്യേകം ഓർക്കണം. ബാങ്ക് വഴിയാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ സമ്മാനാര്‍ഹന്‍ ബാങ്കിനെ അധികാരപ്പെടുത്തുന്നതടക്കം ആ ബാങ്കില്‍ നിന്നുള്ള കൂടുതല്‍ രേഖകളും ആവശ്യമാണ്. സമ്മാനം നേടിയത് ഒരു ഇതരസംസ്ഥാനക്കാരനാണെങ്കില്‍ എല്ലാരേഖകളും നോട്ടറി ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടി വരും.
ഒന്നാം സമ്മാനം തന്നെയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ 30 ദിവസത്തിനകം ടിക്കറ്റ് ലോട്ടറി സമർപ്പിച്ചിരിക്കണം എന്നാണ് ചട്ടം. ചില സാഹചര്യത്തില്‍ ഒരു 30 ദിവസം കൂടി ഇളവ് നല്‍കാന്‍ ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് അധികാരമുണ്ട്.രേഖകള്‍ സംഘടിപ്പിക്കാനുള്ള കാലതാമസമാണ് കാരണമെങ്കില്‍ അതിന് കൃത്യമായ തെളിവ് രേഖാമൂലം വിശദീകരിക്കേണ്ടി വരും.
രണ്ട് മാസത്തിന് ശേഷവും ടിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെയും ഒരു 30 ദിവസം കൂടി നല്‍കും. എന്നാല്‍ ഈ സമയത്ത് തിരുവനന്തപുരത്ത് ലോട്ടറി ഡയറക്ടര്‍ക്ക് മുന്നിലാണ് ടിക്കറ്റുമായി എത്തേണ്ടത്. 60 ദിവസത്തിനകം എവിടെയും ലോട്ടറി നല്‍കാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് ലോട്ടറി വകുപ്പ് ഡയറക്ടറെ ബോധ്യപ്പെടുത്തേണ്ടി വരും.
പെട്ടെന്ന് തന്നെ ലോട്ടറി ടിക്കറ്റ് ഹാജരാക്കിയാല്‍ അത്രയും പെട്ടെന്ന് തന്നെ തുകയും അക്കൌണ്ടിലേക്ക് എത്തും. 30 ദിവസത്തിനകം തന്നെ ലോട്ടറി ടിക്കറ്റ് ഹാജരാക്കിയാല്‍ സാധാരണഗണതിയില്‍ പണം പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ അക്കൌണ്ടിലേക്ക് എത്തും. അതേസമയം ഗ്രൂപ്പായിട്ടാണ് ടിക്കറ്റ് എടുക്കുന്നതെങ്കില്‍ ലോട്ടറി അടിച്ച വ്യക്തികൾ ചേർന്ന് ജോയിൻറ് അക്കൗണ്ട് തുടങ്ങാം. ടിക്കറ്റ് കൈമാറുമ്പോൾ ഈ അക്കൗണ്ടിലേക്ക് പണം ലഭിക്കും.












Click it and Unblock the Notifications