ലോട്ടറി അടിക്കാനുള്ള ട്രിക്ക് പറഞ്ഞ് മുൻ ഓണം ബംബർ വിജയി അനൂപ്..ഫാൻസി നമ്പറുകളും
കൊച്ചി: ഓണം ബംബർ 2023ന്റെ വിജയി ആരായിരിക്കും? കാത്തിരിപ്പിലാണ് കേരളം. ഓണം ബംബറിൽ ഇക്കുറി റെക്കോഡ് വിൽപ്പനയായിരുന്നു നടന്നിരുന്നത്. കൂടുതൽ ഭാഗ്യവാൻമാർ എന്നതാണ് ഇത്തവണത്തെ ഓണം ബംബറിന്റെ പ്രത്യേകത.
എന്നാൽ ലോട്ടറി അടിച്ചത് കൊണ്ട് മാത്രം ഒരാൾ ഭാഗ്യവാനാകില്ലെന്ന് പറയുകയാണ് കഴിഞ്ഞ വർഷത്തെ ഓണം ബംബർ വിജയിയായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. പണം കൃത്യമായി വിനിയോഗിക്കാൻ അറിഞ്ഞില്ലെങ്കിൽ പിന്നെ പ്രതീക്ഷകളോക്കെ അസ്ഥാനത്തായിപ്പോകുമെന്നും അനൂപ് പറയുന്നു. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അനൂപിൻറെ പ്രതികരണം. ലോട്ടറി അടിക്കാനുള്ള പൊടിക്കൈകളും അഭിമുഖത്തിൽ അനൂപ് പറഞ്ഞു. അനൂപിന്റെ വാക്കുകളിലേക്ക്

'ഇത്തവണയും ഞാൻ ഓണം ബംബർ എടുത്തിട്ടുണ്ട്. നാല് ജില്ലയിൽ നിന്നും ഓരോ ടിക്കറ്റ് വീതമാണ് എടുത്തത്. അടുത്ത പ്രൈസ് ഏത് ജില്ലയിൽ നിന്നാണെന്ന് അറിയില്ലല്ലോ. പൊതുവെ ടിക്കറ്റ് എടുക്കുന്ന ആളാണ് ഞാൻ, അങ്ങനെ നല്ല നമ്പർ കാണുമ്പോൾ എടുക്കും.
ഇനി ടിക്കറ്റ് അടിച്ചാൽ ഒരിക്കലും ഞാൻ പുറത്ത് പറയില്ല. കാരണം പുറത്ത് പറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയാം. ഓണം ബംബർ കിട്ടുന്നവരോട് പറയാനുള്ളത് ടിക്കറ്റ് അടിച്ചെന്ന് അറിഞ്ഞാൽ പുറത്ത് പറയാതിരിക്കുക. ബന്ധുക്കളോടൊക്കെ സംസാരിച്ചതിന് ശേഷം ലോട്ടറി ഓഫീസിനെ ബന്ധപ്പെടുക. പൈസ കിട്ടിയാൽ അത് ബാങ്കിലിടുക. ഒരു വർഷം അതിനെക്കൊണ്ട് ഒന്നും ചെയ്യാതിരിക്കുക.
ലോട്ടറി അടിച്ച പൈസ കൊണ്ട് ഞാൻ വീട് വാങ്ങിയിട്ടുണ്ട്, സ്ഥലവും വാങ്ങി. ബന്ധുക്കളേയും സുഹൃത്തുക്കളേയും സഹായിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഒരു ഥാറും ഒരു എർട്ടിക്കയും വാങ്ങി. ലോട്ടറി അടിച്ചിട്ട് ആഡംബരമായിട്ടൊന്നും ഞാൻ ചെയ്തിട്ടില്ല. കുറച്ച് യാത്രകൾ പോയിരുന്നു.
എന്റെ ലോട്ടറി കടയിൽ വന്ന് പലരും ടിക്കറ്റെടുക്കാറുണ്ട്. എല്ലാവരും പറയുന്നത് വർഷങ്ങളായി എടുക്കാറുണ്ട്, ഒന്നും കിട്ടിയില്ല എന്നൊക്കെയാണ്, എൻറെ കൈയ്യിൽ നിന്ന് നേരിട്ട് വന്ന് ടിക്കറ്റ് എടുക്കുന്നവരുണ്ട്. രാവിലെ വന്ന് കാത്ത് നിന്ന് ടിക്കറ്റ് എടുക്കുന്നവരുണ്ട്', അനൂപ് പറഞ്ഞു.
ഓണം ബംബർ അടിക്കാൻ വല്ല ട്രിക്കുമുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'ഇപ്പോൾ അടിക്കുന്ന ലോട്ടറി നമ്പറുകൾ ശ്രദ്ധിച്ചാൽ മനസിലാകും . മിക്കതും ഫാൻസി നമ്പറുകളാണ് വരുന്നത്. ടിക്കറ്റ് എടുക്കുന്നവർക്ക് മനസിലാകും. ചിലർക്ക് സമ്മാനവും കിട്ടാറുണ്ട്. ബംബറിന്റെ കാര്യത്തിൽ ഒന്നാം സമ്മാനം ചിലപ്പോൾ മാറിയും തിരിഞ്ഞുമൊക്കെ വരാം, എന്നാലും ഫാൻസി നമ്പറ് വരാം.
ചിലപ്പോൾ 643540, അങ്ങനെ അഞ്ചും പൂജ്യവുമൊക്കെ വരുന്നത്, തുടർച്ചയായി ഒരേ സംഖ്യവരുന്നത് ,നാല് നമ്പറിന്റ അപ്പറവും ഇപ്പറവുമൊക്കെ ഒരേ സംഖ്യ വരുന്നത്, അങ്ങനെ കുറച്ച് കാര്യങ്ങൾ ഉണ്ട്', അനൂപ് പറഞ്ഞു.












Click it and Unblock the Notifications