ഓണം ബംപര്‍ ഷെയറിട്ട് എടുത്തവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം.!
ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിപണിയില്‍ വിറ്റ് കൊണ്ടിരിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 37 ലക്ഷത്തിലേറെ ഓണം ബംപര്‍ ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. 500 രൂപ വിലയുള്ള ഓണം ബംപറിന്റെ നറുക്കെടുപ്പ് ഒക്ടോബര്‍ ഒമ്പതിനാണ്. നറുക്കെടുപ്പിന് രണ്ടാഴ്ചയിലേറെ സമയം ഉണ്ട് എന്നതിനാല്‍ തന്നെ വില്‍പ്പന റെക്കോഡിലെത്തും എന്നാണ് വിവരം.
അതേസമയം പതിവ് പോലെ ഇത്തവണയും ഒന്നിലേറെ പേര്‍ പങ്കിട്ട് ടിക്കറ്റെടുക്കുന്ന രീതിക്ക് മാറ്റമൊന്നുമില്ല. 500 രൂപയാണ് ടിക്കറ്റ് വില എന്നതിനാല്‍ തന്നെ അഞ്ച് പേര്‍ 100 രൂപ വീതം ചെലവാക്കിയാണ് ഓണം ബംപര്‍ എടുക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഷെയറിട്ട് ഓണം ബംപര്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

സംഘങ്ങളായി ചേര്‍ന്ന് ലോട്ടറി എടുക്കുന്നതിന് നിയമതടസങ്ങളൊന്നുമില്ല. ബംപര്‍ ലോട്ടറികളും ഇത്തരത്തില്‍ എടുക്കാവുന്നതാണ്. എന്നാല്‍ സമ്മാനം ലഭിച്ചാല്‍ എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം വീതിച്ച് നല്‍കുക എന്നത് ലോട്ടറി വകുപ്പിന്റെ ചുമതലയല്ല. അതിനാല്‍ തന്നെ ഷെയറിട്ട് എടുത്ത ലോട്ടറി ടിക്കറ്റില്‍ സമ്മാനം അടിച്ചാല്‍ ഒരാളെ സമ്മാനം വാങ്ങാനായി സംഘാംഗങ്ങള്‍ തന്നെ ചുമതലപ്പെടുത്തണം.
സമ്മാനര്‍ഹമായ ടിക്കറ്റ് ഒരാളെ ഏല്‍പ്പിച്ച് സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്താവുന്നതാണ്. എന്നാല്‍ സമ്മാനം പങ്കിട്ടെടുക്കാനുള്ള ഉത്തരവാദിത്വവും നിങ്ങള്‍ക്ക് തന്നെയാണ് എന്ന് ഓര്‍ക്കണം. ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് ആരംഭിച്ച് സമ്മാന തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്താം. ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശങ്ങള്‍ ലോട്ടറി വകുപ്പിനെ അറിയിക്കാന്‍ മറന്ന് പോകരുത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കുമ്പോള്‍ ടിക്കറ്റിന്റെ പുറകില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് സമ്മാനാര്‍ഹന്റെ പേരും മേല്‍വിലാസവും ഒപ്പും എഴുതണം. അതിന് ശേഷം രണ്ട് വശങ്ങളുടെയും ഫോട്ടോ കോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വെക്കണം. നറുക്കെടുപ്പ് ദിവസം മുതല്‍ 30 ദിവസത്തിനുള്ളില്‍ സമ്മാന ടിക്കറ്റ് ലോട്ടറി വകുപ്പില്‍ ഹാജരാക്കുകയും വേണം. 25 കോടി രൂപയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം കമ്മീഷനായി 2.50 കോടി രൂപ ലഭിക്കും. സമ്മാനഘടന പ്രകാരം 22 പേരെ കോടീശ്വരനാക്കുന്നതാണ് ഇത്തവണത്തെ ഓണം ബംപര്‍. ആകെ 5,34,760 പേര്‍ക്കാണ് സമ്മാനം ലഭിക്കുക. ആകെ സമ്മാനത്തുക 125.54 കോടി രൂപയാണ്.












Click it and Unblock the Notifications