ആ 30 കോടിയുടെ ഭാഗ്യം ആര്‍ക്കൊപ്പം? ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ..
തിരുവോണം ബംപര്‍ നറുക്കെടുപ്പിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഇത്തവണ സമ്മാനത്തുക കൂട്ടിയിട്ടും ടിക്കറ്റ് വില കൂട്ടാതെയാണ് തിരുവോണം ബംപര്‍ വിപണിയിലെത്തിയത്. ജൂലൈ 20 നാണ് ടിക്കറ്റ് വിപണിയിലെത്തിയത്. 30 കോടി രൂപയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.
ഇത്തവണ സമ്മാനത്തുക 5 കോടി കൂടി ഉയര്‍ത്തിയെങ്കിലും ടിക്കറ്റ് വില 500 രൂപയില്‍ തന്നെ നിലനിര്‍ത്തി. ഇത് ഭാഗ്യാന്വേഷികളെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. സമ്മാനത്തുക ഉയര്‍ത്തിയത് കാരണം ഇത്തവണ കൂടുതല്‍ ടിക്കറ്റ് അച്ചടിക്കാനും ലോട്ടറി വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ 89.85 ലക്ഷം ടിക്കറ്റും ഇന്നലെ വരെ വിറ്റഴിച്ചിട്ടുണ്ട്.

നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ആരായിരിക്കും 30 കോടി രൂപയും ഒന്നാം സമ്മാനം കൊണ്ടുപോകുക എന്ന കാത്തിരിപ്പിലാണ് എല്ലാവരും. ഒന്നാം സമ്മാന ജേതാവിന് അടക്കം 22 പേരെ കോടീശ്വരന്‍മാരാക്കുന്നതാണ് ഓണം ബംപറിന്റെ സമ്മാന ഘടന. ഒന്നാം സമ്മാനമായ 30 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും.
കൂടാതെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് സമ്മാനത്തുകയും 10% തുക കമ്മീഷനായി ലഭിക്കും. ഇത് 3 കോടി രൂപയോളം വരും. ഇത്തരത്തില്‍ 22 പേരെയാണ് ഓണം ബംപര്‍ കോടീശ്വരന്മാരാക്കുന്നത്. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.
ആറാം സമ്മാനം 5000 രൂപ വീതം 54000 പേര്‍ക്ക്, ഏഴാം സമ്മാനം 2000 രൂപ വീതം 81,000 പേര്‍ക്ക്, എട്ടാം സമ്മാനം 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒമ്പതാം സമ്മാനം 500 രൂപ വീതം 2,75,400 പേര്‍ക്ക് സമാശ്വാസ സമ്മാനം 5,00,000 വീതം 9 പേര്‍ക്ക് ലഭിക്കും.


Click it and Unblock the Notifications
