ഓണം ബംപര്‍ നറുക്കെടുപ്പ് ഈ വര്‍ഷവും മാറ്റുമോ? സാധ്യത ഇങ്ങനെ.. ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നു
ഓണാഘോഷങ്ങള്‍ അവസാനിച്ചെങ്കിലും ഭാഗ്യാന്വേഷികള്‍ ഓണം ബംപര്‍ 2026 നറുക്കെടുപ്പിനായുള്ള കാത്തിരിപ്പിലാണ്. സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബപറില്‍ എല്ലാ കാലത്തും കൊടുക്കാറുള്ളത്. ഇത്തവണ ടിക്കറ്റ് വില കൂട്ടാതെ സമ്മാനത്തുക വര്‍ധിപ്പിച്ചത് ഭാഗ്യാന്വേഷികള്‍ക്ക് നേട്ടമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത്.
500 രൂപ വിലയുള്ള ഓണം ബംപറില്‍ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഓണം ബംപറിലെ ഒന്നാം സമ്മാനം. ഓണം ബംപറിനെ കൂടാതെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമ്മര്‍, വിഷു, മണ്‍സൂണ്‍, പൂജ, ക്രിസ്മസ്-പുതുവത്സരം എന്നീ ബംപറുകളാണ് ഒരു വര്‍ഷം പുറത്തിറക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക ഓണം ബംപറിലാണ്.

സംസ്ഥാനത്തെ പ്രധാന ലോട്ടറി നറുക്കെടുപ്പുകളെല്ലാം നടക്കുന്ന വേദിയായ തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വെച്ച്, സെപ്റ്റംബര്‍ 26-ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഈ വര്‍ഷത്തെ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍, സെപ്റ്റംബര്‍ 26-ന് നിശ്ചയിച്ചിട്ടുള്ള നറുക്കെടുപ്പ് തീയതിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ലോട്ടറി വകുപ്പ് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഷെഡ്യൂള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്.
എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപര്‍ നറുക്കെടുപ്പ് യഥാര്‍ത്ഥ തീയതിയില്‍ നിന്ന് മാറ്റി ഒക്ടോബര്‍ 4-ലേക്കാണ് നടത്തിയത്. ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി നിരക്ക് 40 ശതമാനമായി ഉയര്‍ത്തിയതും, കനത്ത മഴ സംസ്ഥാനത്തുടനീളം ടിക്കറ്റ് വില്‍പ്പനയെ തടസ്സപ്പെടുത്തിയതുമായിരുന്നു ഇതിന് കാരണം. 2026-ല്‍ ഇതുവരെ അത്തരം തടസങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ജൂലൈ പകുതിയോടെയാണ് ഓണം ബംപറിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചത്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ പത്ത് സീരീസുകളിലായാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ലൈസന്‍സുള്ള ലോട്ടറി ഏജന്റുമാര്‍ വഴി സംസ്ഥാനത്തുടനീളം 90 ലക്ഷം വരെ ടിക്കറ്റുകള്‍ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനോടകം 40 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്.
ഇനിയും മൂന്നാഴ്ച കൂടി നറുക്കെടുപ്പിനുള്ളതിനാല്‍ ടിക്കറ്റ് വില്‍പന ഇനിയും മുന്നേറും എന്നാണ് പ്രതീക്ഷ. ഒന്നാം സമ്മാനമായ 30 കോടിക്ക് പുറമെ ആകര്‍ഷകമായ മറ്റ് സമ്മാനങ്ങളും ഓണം ബംപറിലുണ്ട്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം, സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാനം.
500 രൂപ വരെയുള്ള സമ്മാനങ്ങളുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി ആകെ 125.54 കോടി രൂപയുടെ സമ്മാനത്തുകയാണ് നല്‍കുന്നത്. നിലവിലുള്ള നിയമങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച്, ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റ ഏജന്റിന് പ്രത്യേക ഏജന്‍സി സമ്മാനവും ലഭിക്കും. ഈ വര്‍ഷം അത് 3 കോടി രൂപയാണ്. ഫലത്തില്‍ 22 പേരാണ് ഓണം ബംപറിലൂടെ കോടീശ്വരന്‍മാരാകാന്‍ പോകുന്നത്.





Click it and Unblock the Notifications