25 കോടിയുടെ ഓണം ബംബർ കൈയ്യിലെത്തിയത് ഇങ്ങനെ; പണം എങ്ങനെ പങ്കിടും? ജേതാക്കൾ പറയുന്നു
തിരുവനന്തപുരം: 25 കോടി അടിച്ചതിന്റെ സന്തോഷം പങ്കിട്ട് ഓണം ബംബർ വിജയികളിൽ ഒരാളായ സ്വാമിനാഥൻ. ടിക്കറ്റ് അടിച്ച വിവരം പുറത്തായാൽ പ്രശ്നമാകുമെന്ന് ഭയന്നാണ് കൂടെയുള്ള മറ്റുള്ളവർ മാധ്യമങ്ങളിൽ മുഖം കാണിക്കാൻ തയ്യാറാകാത്തതെന്നും ടിക്കറ്റടിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സ്വാമിനാഥൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സ്വാമിനാഥനും മൂന്ന് സുഹൃത്തുക്കളും ചേർന്നായിരുന്നു ഓണം ബംബർ എടുത്തത്.
സ്വാമിനാഥൻ, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നായിരുന്നു ടിക്കറ്റ് എടുത്തത്. 'വാളയാറിൽ അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന സുഹൃത്തിനെ കണ്ട് തിരിച്ചുവരുന്നതിനിടയിലാണ് ടിക്കറ്റെടുത്തത്. മൂന്ന് ടിക്കറ്റുകളായിരുന്നു എടുത്തത്. ഫലം പ്രഖ്യാപിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു ഫലം പരിശോധിച്ചത്. ഓൺലൈനിലൂടെയായിരുന്നു വിവരം അറിഞ്ഞത്',സ്വാമിനാഥൻ പറഞ്ഞു.

തുടർന്ന് മൂന്ന് പേർ ചേർന്നാണ് ലോട്ടറി ഓഫീസിൽ ടിക്കറ്റ് കൈമാറിയത്. പാണ്ഡ്യരാജൻ ചെന്നൈയിൽ ആയതിനാൽ ടിക്കറ്റ് കൈമാറാൻ എത്തിയിരുന്നില്ല. സ്വാമിനാഥൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. ടിക്കറ്റ് അടിച്ചത് പുറത്തറിയുന്നതിൽ മറ്റുള്ളവർക്ക് ആശങ്കയുണ്ട്. അതാണ് അവർ മുഖം കാണിക്കാൻ തയ്യാറാകാത്ത്', സ്വാമിനാഥൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഓണം ബംബർ ലോട്ടറി ജേതാവായ അനൂപ് അടക്കം ഉള്ളവരുടെ അനുഭവങ്ങൾ പാഠമായതിനാലാണ് പേര് വെളിപ്പെടുത്താൻ തയ്യാറാകാത്തതെന്നാണ് മറ്റ് മൂന്ന് പേർ പ്രതികരിച്ചത്.
ലോട്ടറി എടുത്താൽ ഒരിക്കലും പുറത്ത് പറയരുതെന്നും താൻ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം അതായിരുന്നുവെന്നും അനൂപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരേയും സമീപിക്കാത്തെ ഒരു പറ്റിക്കപ്പെടലിനും വിധേയമാകാതെ നോക്കണമെന്നും ലോട്ടറി ടിക്കറ്റ് നേരെ ലോട്ടറി ഓഫീസിൽ ഏൽപ്പിക്കുന്നതാണ് ഉചിതമെന്നും അനൂപ് മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
അതേസമയം ഇനി വാളയാറിലൂടെ പോകുമ്പോഴെല്ലാം ഒരു ലോട്ടറി എടുക്കുമെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. സ്വാമിനാഥൻ ആദ്യമായാണ് ഒരു ബംബർ ടിക്കറ്റ് എടുക്കുന്നത്. അതിൽ തന്നെ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. നാലുപേരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം കൈമാറുകയെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി.
ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കുറച്ച് 15.75 കോടി രൂപയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക. സർ ചാർജും സെസും കൂടി 2.86 കോടി രൂപ ഇതിൽ നിന്ന് വീണ്ടും അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന് ലഭിക്കുക.












Click it and Unblock the Notifications