500 രൂപ മുടക്കിയാല്‍ 25 കോടി കൈയിലെത്തും..! 22 പേരെ കോടീശ്വരന്‍മാരാക്കാന്‍ ഓണം ബംപറെത്തി
തിരുവനന്തപുരം: ഭാഗ്യാന്വേഷികള്‍ക്ക് പ്രതീക്ഷയേകി ഈ വര്‍ഷത്തെ ഓണം ബംപര്‍ പുറത്തിറക്കി സംസ്ഥാന ലോട്ടറി വകുപ്പ്. 22 പേരെ കോടിപതികളാക്കുന്ന തരത്തിലുള്ള സമ്മാന ഘടനയോടെയാണ് ഓണം ബംപര്‍ ലോട്ടറി എത്തിയിരിക്കുന്നത്. 500 രൂപയാണ് ഓണം ബംപറിന്റെ വില. ഒന്നാം സമ്മാനം 25 കോടി രൂപയാണ്..! രണ്ടാം സമ്മാനം ലഭിക്കുന്നവര്‍ക്കും കോടീശ്വരന്‍മാരാകാം.
രണ്ടാം ഒരു കോടി രൂപയാണ്. 20 പേര്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുക. ഇത് കൂടാതെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനും കമ്മീഷനായി കോടികള്‍ ലഭിക്കും. ഇങ്ങനെ 22 പേരെയാണ് ഫലത്തില്‍ ഓണം ബംപര്‍ കോടീശ്വരന്‍മാരാക്കുന്നത്. ഓണം ബംപര്‍ ഇന്ന് മുതല്‍ വിപണിയിലെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 27 ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബംപറിന്റെ നറുക്കെടുപ്പ്.

കഴിഞ്ഞ വര്‍ഷത്തെ അതേ സമ്മാന ഘടനയിലാണ് ഇത്തവണയും ബംപര്‍ പുറത്തിറക്കിയിരിക്കുന്നത്. ടിഎ, ടിബി, ടിസി, ടിഡി. ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നിങ്ങനെ പത്ത് സീരീസുകളില്‍ ആണ് ടിക്കറ്റുകള്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ഓണം ബംപറിന്റെ മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഇതും 20 പേര്‍ക്ക് വീതം ലഭിക്കും. ഓരോ സീരീസിലും രണ്ട് സമ്മാനം ലഭിക്കും.
നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുക. അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപയും 10 പേര്‍ക്ക് ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം 1,000 രൂപയുമാണ്. ഒമ്പതാം സമ്മാനം 500 രൂപയാണ്. സമാശ്വാസ സമ്മാനമായി ഒമ്പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കുന്ന തരത്തിലാണ് സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്.
ആകെ 5,34,670 പേര്‍ക്ക് 125.54 കോടി രൂപയാണ് ഓണം ബംപറില്‍ സമ്മാനത്തുകയായി നല്‍കുക. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ തന്നെയായിരുന്നു. സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ബംപറാണ് ഓണം ബംപര്‍. അതിനാല്‍ തന്നെ ഇതിന് ആവശ്യക്കാരും ഏറെയാണ്. കഴിഞ്ഞ വര്‍ഷം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണ ഈ കണക്ക് മറികടക്കും എന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.
കേരളത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതാണ് ഓണം ബംപറെന്ന് ലോട്ടറി പ്രകാശന വേളയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. മികച്ച സമ്മാന ഘടനയാണ് ഓണം ബംപറിനുള്ളത് എന്നും ഒരു ലക്ഷം പേരാണ് ലോട്ടറിയിലൂടെ ജീവിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ചയായിരുന്നു ഈ വര്‍ഷത്തെ സമ്മര്‍ ബംപര്‍ നറുക്കെടുത്തത്.












Click it and Unblock the Notifications