25 കോടിയുടെ ഓണം ബംപര്‍ ടിക്കറ്റ് വിറ്റത് ഇവിടെ; ഭാഗ്യം വന്ന വഴി കണ്ടോ?
കോഴിക്കോട്: ഓണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് ടിജി 434222 എന്ന ടിക്കറ്റിനായിരുന്നു. ഇപ്പോഴിതാ 25 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് എവിടെയാണ് വിറ്റത് എന്നത് സംബന്ധിച്ചും വ്യക്തത വന്നിരിക്കുകയാണ്. വയനാട് ജില്ലയിലെ ഏജന്റ് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിജി 434222 ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിലെ ഏജന്റായ ജിനീഷിന്റെ ജില്ലാ ഏജന്‍സിയില്‍ നിന്നാണ്.
ഏജന്‍സി നമ്പര്‍ ഡബ്ല്യു402 എന്ന പനമരത്തിലുള്ള എസ്‌ജെ സെന്ററില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എസ്‌ജെ സെന്ററില്‍ നിന്ന് ബത്തേരി സ്വദേശിയും ലോക്കല്‍ ഏജന്റുമായ നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്. എന്‍ജിആര്‍ എന്ന തന്റെ കടയില്‍ നിന്നാണ് ഭാഗ്യശാലി സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത് എന്ന് നാഗരാജ് പറയുന്നു.

സമ്മാനത്തുകയുടെ പത്ത് ശതമാനമാണ് ഏജന്റിന് ലഭിക്കുക. അതായത് 2.5 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് ലഭിക്കുക. 500 രൂപയായിരുന്നു ഓണം ബംപറിന്റെ ടിക്കറ്റ് വില. ഏജന്റിനെ അടക്കം 22 പേരെ കോടിപതികളാക്കുന്ന തരത്തിലാണ് ഓണം ബംപറിന്റെ സമ്മാന ഘടന.
ആകെ 125 കോടി രൂപയുടെ സമ്മാനമാണ് ഓണം ബംപര്‍ വഴി വിതരണം ചെയ്യുന്നത്. TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095,TD 519261,TH 714520,TK 124175,TJ 317658, TA 507676 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. ബേക്കറി ജംക്ഷനിലെ ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഓണം ബംപര്‍ നറുക്കെടുത്തത്.
80 ലക്ഷം ടിക്കറ്റുകളാണ് ഓണം ബംപറിന്റെ ഭാഗമായി അച്ചടിച്ചിരുന്നത്. ഇതില്‍ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. എട്ടര ലക്ഷത്തോളം ടിക്കറ്റുകളാണ് ബാക്കിയായത്. ടിക്കറ്റ് വില്‍പനയില്‍ നിന്ന് 356 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ഓണം ബംപറിന്റെ മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ എന്നിങ്ങനെ അവസാന സമ്മാനമായി 500 രൂപ നീളുന്നതാണ് സമ്മാന ഘടന.
കഴിഞ്ഞ വര്‍ഷം ഓണം ബംപറിന്റെ ഭാഗമായി അച്ചടിച്ച 80 ലക്ഷം ടിക്കറ്റുകളില്‍ 75,76,096 ടിക്കറ്റുകള്‍ വിറ്റിരുന്നു. 2022 മുതലാണ് ഓണം ബംപറിന്റെ സമ്മാനത്തുക 25 കോടിയാക്കിയത്. അതേസമയം 12 കോടിയുടെ പൂജ ബംപറിന്റെ പ്രകാശനവും ഇന്ന് നടന്നു.












Click it and Unblock the Notifications