25 കോടിയേക്കാള്‍ തിളക്കമുള്ള 50 ലക്ഷം!! ബാഗിലിട്ടോണ്ട് നടക്കുവായിരുന്നു; 5 വനിതകള്‍ പങ്കിടും
ഓണം ബംബര്‍ 25 കോടിയുടെ ഭാഗ്യശാലി എറണാകുളം നെട്ടൂരുള്ള വനിതയാണ് എന്ന വിവരം പ്രചരിക്കുന്ന പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത. മൂന്നാം സമ്മാനമായ 50 ലക്ഷം കിട്ടിയതും വനിതകള്‍ക്ക്. അഞ്ച് പേര്‍ ഒരുമിച്ചെടുത്ത ലോട്ടറി ടിക്കറ്റിനാണ് നറുക്ക് വീണത്. ഏറെ പ്രായസത്തോടെ നീങ്ങുന്ന വേളയില്‍ ദൈവം തന്ന സമ്മാനമായി അഞ്ചുപേരും കരുതുന്നു.
കോട്ടയം തെക്കേക്കര പഞ്ചായത്ത് 13ാം വാര്‍ഡിലെ പയ്യാരിത്തോട്ടം സൂര്യ കുടുംബശ്രീയിലെ അഞ്ചു പേര്‍ക്കാണ് 50 ലക്ഷം ലഭിച്ചത്. ഇവരില്‍ ചിലര്‍ ബന്ധുക്കളാണ്. ലോട്ടറി നേരത്തെയും എടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് നറുക്ക് വീഴുന്നത്. 100 രൂപ വച്ച് ഓരോരുത്തരും എടുത്താണ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. പൂഞ്ഞാറിലെ മനോജില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്.

കൂട്ടത്തിലെ മുതിര്‍ന്ന അംഗമായ ഉഷ മോഹനന്‍ ആണ് ടിക്കറ്റ് വാങ്ങിയത്. ഇവര്‍ ഒരു കടയില്‍ ജോലി ചെയ്യുകയാണ്. മറ്റുള്ളവരും സാധാരണ ജോലി ചെയ്ത് കുടുംബം കഴിയുന്നവരാണ്. ഇവര്‍ക്കിടയിലേക്കാണ് 50 ലക്ഷത്തിന്റെ ഭാഗ്യം എത്തിയിരിക്കുന്നത്. പലര്‍ക്കും വീടുപണി നടക്കുകയാണ്. ഭര്‍ത്താവിന്റെ ഓട്ടോ കൊടുത്ത് ബാക്കി പണി തീര്‍ക്കാമെന്ന് കരുതിയിരിക്കെയാണ് ലോട്ടറി അടിച്ചതെന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞു.
50 ലക്ഷം ചുമന്ന് നടന്നു
ഈ 50 ലക്ഷവും ചുമന്ന് നടക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി എന്ന് ഉഷ സന്തോഷത്തോടെ പറയുന്നു. ടിക്കറ്റ് ബാഗില്‍ സൂക്ഷിച്ചുവച്ചതായിരുന്നു. നറുക്കെടുക്കുന്ന വേളയില്‍ ഫോണില്‍ നോക്കിയാണ് ഭാഗ്യം എത്തിയെന്ന് മനസിലാക്കിയതെന്ന് ഉഷ. അറിഞ്ഞപ്പോള്‍ ഷോക്കായി എന്നും അവര്‍. ലോട്ടറി എടുക്കാറുണ്ടെങ്കിലും ഇത്രയും വലിയ തുക അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
കടയിലെ മുതലാളിയെ കാണിച്ചു ഉറപ്പ് വരുത്തി. വീട്ടിലേക്ക് വിളിച്ചുപറഞ്ഞു. മകന്‍ വന്ന് ഉഷയെ വീട്ടിലേക്ക് കൊണ്ടുവന്നു. ലോട്ടറി അടിച്ചതോടെ ആകെ പേടിയായി പോയെന്നും ഉഷ പറയുന്നു. ടിക്കറ്റ് ഇന്നലെ തന്നെ ബാങ്കില്‍ കൊടുത്തു നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ കൂടി കൃഷ്ണന്റെ അമ്പലത്തിന് മുന്നിലെത്തിയപ്പോള്‍ പ്രാര്‍ഥിച്ചിരുന്നു എന്ന് ഉഷ പറയുന്നു.
ഒന്നാം സമ്മാനം നെട്ടൂര്‍ വിട്ടിട്ടില്ല
അതേസമയം, ഒന്നാം സമ്മാനം ലഭിച്ച വനിത ഇതുവരെ പേര് വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. നെട്ടൂരില്‍ തന്നെയുള്ള സ്ത്രീയാണ് എന്ന വിവരവും പുറത്തുവന്നു. ലോട്ടറി സുഹൃത്തിനെ കാണിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭാഗ്യം ലഭിച്ച വ്യക്തി നേരിട്ട് വരുമ്പോള്‍ പിന്നീട് പ്രതിസന്ധി നേരിടുമെന്ന് അവര്‍ ഭയക്കുന്നു. മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.
നെട്ടൂരിലെ ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലതീഷിന് 10 ശതമാനം കമ്മീഷന്‍ ലഭിക്കും. രണ്ടര കോടി കിട്ടുന്നത് തന്നെ വലിയ കാര്യമാണ് എന്ന് അദ്ദേഹം പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു കോടിയുടെ ഭാഗ്യം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. മൂന്ന് മാസത്തിനിടെയാണ് ലതീഷിലൂടെ 26 കോടി എത്തുന്നത് എന്നതും കൗതുകമായി.












Click it and Unblock the Notifications