ഡെലിവറി ബോയിക്ക് വേണ്ടത് ബുള്ളറ്റ്, 2 കോടി കൊടുത്താൽ സിനിമയിൽ ചാൻസ്..;ആവശ്യങ്ങളിൽ നട്ടം തിരിഞ്ഞ് അനൂപ്
കൊച്ചി: 'എന്തൊരു ഭാഗ്യവാൻ',ഓണം ബംബർ 25 കോടിയുടെ ഭാഗ്യം ശ്രീവിരാഹം വീട്ടീൽ അനുപിനെ തേടിയെത്തിയപ്പോൾ ഇങ്ങനെയൊരു വാക്ക് പറയാത്തവർ കേരള കരയിൽ ഉണ്ടായിട്ടുണ്ടാകില്ല. എന്നാൽ പടികടന്നെത്തിയ 'ഭാഗ്യദേവത'യെ കൊണ്ട് പൊറുതിമുട്ടിരിക്കുകയാണ് അനൂപും കുടുംബവും.
സഹായം ചോദിച്ചെത്തുന്നവർ കുടുംബത്തിന്റെ സ്വൈര്യം തന്നെ ഇല്ലാതാക്കിയെന്നാണ് അനൂപ് പറയുന്നത്. ആവശ്യക്കാർ വീട്ടിൽ ഇടിച്ച് കയറാൻ തുടങ്ങിയതോടെ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ് അനൂപും അമ്മയും ഭാര്യയും.

ലോട്ടറി അടിച്ച അന്ന് മുതൽ ഓരോ ആവശ്യങ്ങളുമായി നിരവധി പേർ വിളിച്ച് തുടങ്ങിയെന്ന് അനൂപ് പറയുന്നു. ഇടതടവില്ലാതെ ഫോൺ അടിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ അങ്ങ് തൊട്ട് ഇങ്ങോളം ഉള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്. ഫോണെടുത്താൻ അപ്പോൾ കരച്ചിലും ദുരിതം പറച്ചിലുമാണ്. തന്റെ കൈയ്യിൽ പണം ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറഞ്ഞിട്ട് പോലും ആളുകൾ അത് കേൾക്കാൻ തയ്യാറാകുന്നില്ല, അനൂപ് പറയുന്നു.

ഫോണെടുത്താൽ കണ്ണ് തള്ളി പോകുന്ന ആവശ്യങ്ങളുടെ ലിസ്റ്റും അനൂപ് വിശദീകരിക്കുന്നു. ഒരാൾ വിളിച്ചത് മകളുടെ വിവാഹത്തിന് എടുത്ത കടം തിരിച്ചടക്കാൻ സഹായിക്കാൻ ആവശ്യപ്പെട്ടാണ്. വീടിന്റെ ആധാരം പണയം വെച്ച് ലോണെടുത്താണ് വിവാഹം കഴിപ്പിച്ച് അയച്ചത്. 25 ലക്ഷം രൂപയുണ്ടെങ്കിലെ ഇനി മുന്നോട്ട് പോകാൻ കഴിയൂവെന്നും സഹായിക്കണമെന്നുമാണ് പറയുന്നത്.

25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഫോൺ നമ്പറും അഡ്രസും ബാങ്കിന്റെ വിവരങ്ങളും നൽകി പല തവണകളായി കത്തയച്ചവരും ഉണ്ടെന്നും അനൂപ് പറയുന്നു. വീടിന്റെ രേഖ പണയം വെച്ച് കടമെടുത്തവർ അതിന്റെ രേഖകൾ സഹിതം അയച്ച് നൽകിയാണ് സഹായം ചോദിക്കുന്നത്. ചികിത്സാ സഹായം ആവശ്യപ്പെടുന്നവർ വേറെ.

സ്വിഗിയിൽ ജോലി ചെയ്യുന്ന ആറ്റിങ്ങൽ സ്വദേശിയായ 32 കാരന്റെ ആവശ്യം വിചിത്രമാണ്, ഒരു ബുളറ്റ് ആണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരാൾക്ക് ആപേ ഓട്ടോറിക്ഷ വേണം. ചെന്നൈയിൽ നിന്നുവരെ സഹായ അന്വേഷികൾ അനൂപിനെ തേടി എത്തുന്നുണ്ട്. 2 കോടി തന്നാൽ സിനിമയിൽ അവസരം നൽകാമെന്നാണ് മറ്റൊരാൾ നൽകിയ ഓഫർ.

വിവാഹക്ഷണക്കത്തുമായാണ് മറ്റ് ചിലർ വീട്ടിലേക്ക് എത്തുന്നത്. പുലർച്ചെ മുതൽ ആളുകളുടെ വരവാണ്. ചിലരാകട്ടെ വലിയ ഭീഷണിയും മുഴക്കുന്നുണ്ട്. പണം കിട്ടാതെ പോകില്ലെന്നാണ് മട്ടിൽ വീട്ടിൽ തന്നെ ഭീഷണിയുമായി തുടരുന്നവർ ഉണ്ടത്രേ. ഇപ്പോൾ ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുകയാണെന്ന് അനൂപ് പറയുന്നു. വീട്ടിലേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുന്നതിനാൽ ഇപ്പോൾ ബന്ധുവീട്ടിലാണ് താമസിക്കുന്നതെന്ന് അനൂപ് പറഞ്ഞു.

അമ്മ അംബിക ഒരു ബന്ധുവിനൊപ്പമാണ്. ഭാര്യ മായയും മകൻ അദ്വൈതും മാതാപിതാക്കൾക്കൊപ്പമാണ്. അവരെ കാണാനും അവരെ കാണാനും നിരവധി ആളുകൾ അങ്ങോട്ടേക്ക് പോയിക്കൊണ്ടിരിക്കുന്നത്. കുഞ്ഞിന് അസുഖം വന്നപ്പോൾ ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത സാഹചര്യമാണ്. ഫോൺ നമ്പർ മാറ്റണമെന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും ബാങ്കുകളിൽ അടക്കം പല സ്ഥലങ്ങളിലും കൊടുത്തിരിക്കുന്നത് ഊ ഫോൺ നമ്പറാണെന്ന് അനൂപ് പറയുന്നു.

ഇക്കഴിഞ്ഞ പതിനെട്ടിനായിരുന്നു തിരുവോണം ബംബർ നറുക്കെടുപ്പ് നടന്നത്.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. 25 കോടിയായിരുന്നു സമ്മാനം. ലോട്ടറി തുകയിൽ 15.75 കോടിയാണ് കിട്ടുക. അതേസമയം പണം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ഏകദിന പരിശീലനം നൽകാനുള്ള ഒരുക്കത്തിലാണ് ലോട്ടറി വകുപ്പ്.












Click it and Unblock the Notifications