കടയിലെ ജോലി മതിയാക്കുമോ? 25 കോടി അടിച്ച ശരത് പറയുന്നു, ബാങ്കിലെ അനുഭവവും
കൊച്ചി: നെട്ടൂരിലെ പെയ്ന്റ് കടയില്‍ ജോലിക്കാരനാണ് 25 കോടി ഓണം ബംബര്‍ അടിച്ച ശരത്. തുറവൂര്‍ തൈക്കാട്ടുശേരിയിലെ വീട്ടില്‍ നിന്ന് എല്ലാ ദിവസവും ജോലിക്ക് പോകുന്നത് ലതീഷിന്റെ ലോട്ടറി കടക്ക് മുമ്പിലൂടെയാണ്. പതിവായി ലോട്ടറി എടുക്കുന്ന ശീലമില്ലെങ്കിലും ശരത് ഓണം ബംബര്‍ എടുത്തു. ആ ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്കാണ് ലോട്ടറി നറുക്കെടുത്തത്. കടയില്‍ വച്ച് മൊബൈലില്‍ നോക്കിയപ്പോള്‍ തന്നെ അടിച്ചെന്ന് മനസിലായി. വീട്ടില്‍ ഭാര്യയെ വിളിച്ച് ലോട്ടറി ടിക്കറ്റ് വാട്‌സാപ്പില്‍ അയപ്പിച്ച് ഒന്നുകൂടെ ഉറപ്പിച്ചു. സഹോദരനും നോക്കി ഭാഗ്യമെത്തി എന്ന് മനസിലാക്കി. എന്നാല്‍ ആരും ആരോടും പറഞ്ഞില്ല. ഈ വേളയില്‍ നെട്ടൂരില്‍ ഭാഗ്യശാലിയെ കുറിച്ച് പലവിധ കഥകള്‍ പ്രചരിക്കുന്നത് ശരതും കുടുംബവും കാണുന്നുണ്ടായിരുന്നു.

25 കോടിയുടെ ലോട്ടറി അടിച്ചിട്ടും എങ്ങനെയാണ് തിങ്കളാഴ്ച ബാങ്ക് തുറക്കുന്ന സമയം വരെ കാത്തിരുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ ശരത് ശാന്ത സ്വഭാവക്കാരനാണ്. വലിയ സന്തോഷമോ സങ്കടമോ പുറത്തുകാണിക്കാറില്ല. എല്ലാം ദിവസവും പോലെ ഇന്നും ശരത് നെട്ടൂരിലെ പെയ്ന്റ് കടയില്‍ ജോലിക്കെത്തി.
ബാങ്കിലും ആശുപത്രിയിലും പോയിട്ട് ഉച്ചയാകുമ്പോഴേക്കും വരാമെന്ന് പറഞ്ഞ് ലീവ് ചോദിച്ചു. തുടര്‍ന്നാണ് തുറവൂരിലെ ബാങ്കിലെത്തി മാനേജര്‍ സുനിലിനെ കണ്ടത്. ലോട്ടറി അടിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. മാനേജര്‍ അതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. പിന്നീടാണ് ഓണം ബംബര്‍ ആണ് അടിച്ചതെന്ന് ശരത് വിശദീകരിച്ചത്. ഇതോടെ ബാങ്കിലുള്ളവര്‍ക്കും അതിശയമായി.
കടയില്‍ നാളെയും ജോലിക്ക് പോകും
നെട്ടൂരില്‍ ആണ് ലോട്ടറി അടിച്ചത് എന്നാണല്ലോ അറിഞ്ഞത് എന്ന് മാനേജര്‍ സംശയം ഉന്നയിച്ചു. അപ്പോഴാണ് ജോലി ചെയ്യുന്ന കടയും ലോട്ടറി എടുത്ത കടയുമെല്ലാം ശരത് വിശദീകരിച്ചുകൊടുത്തത്. തുടര്‍ന്ന് ടിക്കറ്റ് ബാങ്ക് മാനേജര്‍ക്ക് കൈമാറുന്ന ഫോട്ടോ എടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴേക്കും കേരളം മൊത്തം അറിഞ്ഞിരുന്നു.
ജോലിക്ക് പോകുമെന്ന് ശരത് പ്രതികരിച്ചു. 18 വയസ് മുതല്‍ ജോലി ചെയ്യുന്നുണ്ട്. അത് തുടരും. നാളെയും പെയ്ന്റ് കടയില്‍ ജോലിക്ക് പോകും. 12 വര്‍ഷമായി അവിടെ ജോലി ചെയ്യുന്നു. ജോലി അന്വേഷിച്ച് ചെന്നപ്പോള്‍ തനിക്ക് അവസരം തന്നവരാണ് പെയ്ന്റ് കടയിലുള്ളവര്‍. ലോട്ടറി അടിച്ചു എന്നതിനാല്‍ ഒരു ദിവസം കൊണ്ട് ജോലി മതിയാക്കാനുള്ള തീരുമാനമില്ല.
സ്വന്തമായി സ്ഥാപനം തുടങ്ങാനൊന്നും ഇപ്പോള്‍ ആലോചനയില്ല. പണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ആലോചിച്ച് തീരുമാനിക്കും. സാധാരണ കുടുംബമാണ് ശരതിന്റേത്. വീട് വച്ചതിലും മറ്റുമായി ബാധ്യതകളുണ്ട്. അത് തീര്‍ത്തുവരികയാണ്. സ്ഥരം ലോട്ടറി എടുക്കാറില്ല. ടിക്കറ്റ് വില്‍ക്കുന്ന പ്രായമായ സ്ത്രീകളെല്ലാം ഒന്നു എടുക്കൂ എന്ന് പറയുന്ന വേളയില്‍ ലോട്ടറി എടുക്കാറുണ്ട്. ഇനിയും ലോട്ടറി എടുക്കുമെന്നും ശരത് പറഞ്ഞു.












Click it and Unblock the Notifications