ഇത്തവണയും ഓണം ബംബർ അടിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു: ആകെ എത്ര കിട്ടി? അനുപ് പറയുന്നു
പാലക്കാട്: സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബംബർ നേടിയ ഭാഗ്യവാനെ തിരയുകയാണ് കേരളം. കോഴിക്കോട് പാളയത്ത് പ്രവർത്തിക്കുന്ന ബാവ ഏജന്‍സി വിറ്റ TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ബാവ ഏജന്‍സിയുടെ തന്നെ പാലക്കാടുള്ള സ്ഥാപനത്തില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോയമ്പത്തൂർ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്.
നാല് ദിവസം മുമ്പാണ് ഇയാള്‍ പാലക്കാട് വന്ന് ടിക്കറ്റ് വാങ്ങിപ്പോയത്. ഇയാള്‍ ഈ ടിക്കറ്റുകള്‍ മറ്റാർക്കെങ്കിലും വില്‍പ്പന നടത്തിയോ എന്നുള്ളത് വ്യക്തമല്ല. അതിർത്തി കടന്നുവന്ന് കേരള ലോട്ടറിയുടെ ടിക്കറ്റ് എടുക്കുന്ന നിരവധി തമിഴ്നാട് സ്വദേശികളുണ്ട്. നിയമപരമല്ലെങ്കിലും ഇവർക്കായി ടിക്കറ്റുകള്‍ അതിർത്തിക്ക് അപ്പുറത്തേക്ക് എത്തിക്കുന്നവരും സജീവമാണ്.

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഭാഗ്യജേതാവിനെ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും ഭാഗ്യ ജേതാവ് ആരായാലും കഴിഞ്ഞ തവണത്തെ ബംബർ വിജയിയായ അനൂപിന് അവരോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തിന്റെ ആദ്യ വിജയി ആയിരുന്നു അനൂപ്.
ഇത്തവണത്തെ ഓണം ബംബറും ഞാന്‍ എടുത്തിട്ടുണ്ട്. നാല് ജില്ലകളില്‍ നിന്നായിട്ടാണ് എടുത്തത്. സമ്മാനം എവിടെ ലഭിക്കുമെന്ന് അറിയില്ലാലോ. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളായതിനാല്‍ തന്നെ നല്ല നമ്പറുകള്‍ കണ്ടാല്‍ എടുക്കും. ഇത്തവണ അടിച്ച് കഴിഞ്ഞാല്‍ ആരേയും അറിയിക്കില്ല. ഒരിക്കല്‍ അറിയിച്ചതിന്റെ ഫലം ഞാന്‍ അനുഭവിച്ച് കഴിഞ്ഞുവെന്നും അനൂപ് പറയുന്നു. ബിഹൈന്‍ഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ ഓണം ബംബർ അടിക്കുന്നവരോട് പറയാനുള്ളത് അക്കാര്യം മാത്രമാണ്, ആരോടും വിവരം പറയാതിരിക്കുക. വീട്ടുകാരോട് മാത്രം കാര്യം പറയുക. എന്നിട്ട് ലോട്ടറി ഓഫീസില്‍ പോയി ടിക്കറ്റ് കൈമാറുക. പൈസ ലഭിക്കുമ്പോള്‍ ആ ക്യാഷ് ബാങ്കില്‍ ഇടുക. ആദ്യത്തെ ഒരു വർഷം അതില്‍ നിന്ന് ഒരു പൈസയും എടുക്കരുത്. അതുവരെ കഴിഞ്ഞത് പോലെ തന്നെ പോവുക.
ടാക്സും കാര്യവും ഒക്കെ അടച്ചു തീർത്ത് ഒരു വർഷം കഴിയുന്നതോടെ ആർക്കെങ്കിലും എന്തെങ്കിലുമൊക്കെ കൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൊടുക്കാം. 15 കോടിയോളം രൂപയാണ് കയ്യില്‍ കിട്ടുക. അതിന് ശേഷവും കേന്ദ്ര സർക്കാറിന്റെ ഒരു മൂന്ന് കോടിയുടെ ടാക്സുണ്ട്. പിന്നീട് 12.75 കോടി രൂപയാണ് നമുക്ക് ഉപയോഗിക്കാനായി ലഭിക്കുക. ഒരു വർഷത്തിന് ശേഷം മാത്രമായിരിക്കണം ഈ പൈസ ഉപയോഗിക്കേണ്ടതെന്നും അനൂപ് പറയുന്നു.
പലരും വിചാരിക്കുന്നത് 25 കോടി അടിച്ചാല്‍ 25 ഉം കയ്യില്‍ കിട്ടുമെന്നാണ്. സാധാരണക്കാർക്ക് ടാക്സിനെക്കുറിച്ച് അധികം വിവരം ഇല്ല. എത്ര പൈസ നമ്മള്‍ സർക്കാറിലേക്ക് അടയ്ക്കണം എന്നതിനേക്കുറിച്ചെല്ലാം നമ്മള്‍ കൃത്യമായി അറിഞ്ഞിരിക്കണം. നികുതി കൃത്യമായി അടച്ചതിന് ശേഷം മാത്രമായിരിക്കണം പൈസ ഉപയോഗിക്കേണ്ടതെന്നും കഴിഞ്ഞ വർഷത്തെ ബംപർ ജേതാവ് പറയുന്നു.












Click it and Unblock the Notifications