ഓണം ബമ്പറില്‍ വീണ്ടും ട്വിസ്റ്റ്... നെട്ടൂരിലല്ല, ഒന്നാം സമ്മാനം ലഭിച്ചത് ആലപ്പുഴ സ്വദേശിക്ക്
കാത്തിരിപ്പിനൊടുവില്‍ ഓണം ബമ്പര്‍ ജേതാവിനെ കുറിച്ചുള്ള സസ്‌പെന്‍സ് ഒഴിയുന്നു. ഓണം ബമ്പറില്‍ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ആലപ്പുഴ ജില്ലയിലെ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ക്കാണ് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ടിക്കറ്റ് വില്‍പന നടത്തിയ നെട്ടൂരില്‍ തന്നെയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത് എന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്.
നെട്ടൂരിലെ ഒരു വീട്ടമ്മയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്നും ഇവര്‍ സമ്മാന വിവരം അറിഞ്ഞ ശേഷം മകളുടെ വീട്ടിലേക്ക് താമസം മാറി എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നെട്ടൂരിലുള്ള ആള്‍ക്ക് തന്നെയാണ് സമ്മാനം ലഭിച്ചത് എന്നായിരുന്നു ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ ഏജന്റായ എം ടി ലതീഷും പറഞ്ഞത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞാണ് ഒന്നാം സമ്മാനത്തെ കുറിച്ചുള്ള പുകമറ നീങ്ങിയത്.

25 കോടിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ശരത് എസ് നായര്‍ എടുത്തത് നെട്ടൂരില്‍ ലതീഷിന്റെ കടയില്‍ നിന്ന് തന്നെയാണ്. നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സ് ജീവനക്കാരനാണ് ശരത്. സമ്മാനാര്‍ഹമായ ടിക്കറ്റ് തുറവൂര്‍ തൈക്കാട്ടുശേരി എസ് ബി ഐ ശാഖയില്‍ ശരത് ഹാജരാക്കിയിട്ടുണ്ട്. നികുതികളും മറ്റ് കിഴിവുകളും കിഴിച്ച് 12.8 കോടി രൂപയാണ് ശരതിന് ഓണം ബമ്പറില്‍ നിന്ന് ലഭിക്കുക.
ആദ്യമായാണ് താന്‍ ബമ്പര്‍ എടുക്കുന്നത് എന്നും അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യമാണ് ഇത് എന്നും ശരത് എസ് നായര്‍ പ്രതകരിച്ചു. 2.5 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ ലതീഷിന് ഏജന്‍സി കമ്മീഷനായി ലഭിക്കുക. 10 ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. അതേസമയം ബമ്പര്‍ അടിച്ച നമ്പര്‍ ഉള്ള മറ്റ് സീരീസുകളിലെ ഒമ്പത് ടിക്കറ്റുകളും ലതീഷ് വഴിയാണ് വിറ്റത്. ഇവയ്ക്ക് അഞ്ച് ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സീസിന്റെ വൈറ്റില ശാഖയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.
നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനിലെ രോഹിണി ട്രേഡേഴ്‌സ് വഴി വിറ്റ 'ടിഎച്ച് 577825' എന്ന ടിക്കറ്റിനാണ് ഓണം ബമ്പറിലെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സീസ് പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫിസില്‍ നിന്നു വാങ്ങിയ ടിക്കറ്റാണ് വൈറ്റില ശാഖ വഴി രോഹിണി ട്രേഡേഴ്‌സ് ഉടമയും ലോട്ടറി ഏജന്റുമായ കുമ്പളം മുറിപ്പറമ്പില്‍ എംടി ലതീഷ് സ്വന്തമാക്കിയത്.












Click it and Unblock the Notifications