25 കോടിയേക്കാള്‍ വലുതാണോ ഒരു കോടി; ശരത് വന്നിട്ടും 'പുള്ളിക്കാരനെ' കാണാനില്ല, അപേക്ഷ നല്‍കി
കൊച്ചി: തിരുവോണം ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ക്കാണ്. ശനിയാഴ്ച ഫലം അറിഞ്ഞിട്ടും തിങ്കളാഴ്ച ബാങ്ക് തുറക്കുന്നത് വരെ പുറത്തു പറയാതെ കാത്തിരുന്നു ശരതും കുടുംബവും. എങ്കിലും തിങ്കളാഴ്ച ലോട്ടറിയുമായി ബാങ്കില്‍ എത്തിയതോടെ കേരളം ഭാഗ്യവാനെ അറിഞ്ഞു. അപ്പോഴും കാണാമറയത്തിരിക്കുന്ന മറ്റൊരു ഭാഗ്യവാനുണ്ട്. എന്തോ അദ്ദേഹം പുറത്തുപറയാതെ പണം വാങ്ങിപ്പോയി.
ഒരു വര്‍ഷം മുമ്പാണ് നെട്ടൂരില്‍ ലതീഷ് ലോട്ടറി വില്‍പ്പന ആരംഭിച്ചത്. വൈറ്റിലയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് വാങ്ങി നെട്ടൂരില്‍ വില്‍ക്കുന്ന ലതീഷിന് ഭാഗ്യം ആദ്യമെത്തിയത് മൂന്ന് മാസം മുമ്പാണ്. ഭഗവതിയില്‍ നിന്ന് ലോട്ടറി വാങ്ങാന്‍ തുടങ്ങി മൂന്നാം ദിവസം. ഒരു കോടിയായിരുന്നു ലതീഷ് വിറ്റ ടിക്കറ്റിന് അന്ന് അടിച്ചത്. കമ്മീഷന്‍ അന്നു രാത്രി തന്നെ അക്കൗണ്ടില്‍ ക്രെഡിറ്റായി.

12 ലക്ഷത്തോളം രൂപയാണ് കമ്മീഷന്‍ ഇനത്തില്‍ അന്ന് ലതീഷിന് ലഭിച്ചത്. താന്‍ വിറ്റ ടിക്കറ്റിന് ആദ്യമായി കോടി കിട്ടിയ വ്യക്തിയെ അറിയണം എന്നൊരു താല്‍പ്പര്യം ലതീഷിനുണ്ടായിരുന്നു. നെട്ടൂര്‍ സ്വദേശിക്കാണ് ലോട്ടറി അടിച്ചത്, ആലുവ സ്വദേശിക്കാണ് എന്നെല്ലാം പ്രചാരണമുണ്ടായി. ആരും രംഗത്തുവന്നില്ല. പലരുടെയും പേരില്‍ പ്രചാരണം നടന്നെങ്കിലും യഥാര്‍ഥ അവകാശിയെ ലതീഷിന് കണ്ടെത്താനായില്ല.
ഭാഗ്യവാന്‍ പണം കൈപ്പറ്റി
ഒടുവില്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചെങ്കിലും ലോട്ടറി അടിച്ച വ്യക്തി പണം കൈപ്പറ്റി എന്ന് അറിയാന്‍ കഴിഞ്ഞു. പക്ഷേ, ആളെ വ്യക്തമായില്ല. ആളെ കണ്ടാല്‍ ഒന്ന് അഭിനന്ദിക്കാം എന്നു മാത്രമായിരുന്നു ചിന്ത. പണം കിട്ടിയ കാര്യം പുറംലോകം അറിഞ്ഞാല്‍ പുതിയ ആവശ്യങ്ങളുമായി പലരും വരുമോ എന്ന ആശങ്കയാകാം. അല്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകാനുള്ള സാധ്യതയും മുന്‍കൂട്ടി കാണുന്നുണ്ടാകാം.
10 മുതല്‍ 12 ശതമാനം വരെയാണ് ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റിന് കമ്മീഷനായി ലഭിക്കുക. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ 25 കോടിയുടെ ഭാഗ്യവാനുള്ള ടിക്കറ്റ് കടന്നുപോയതും ലതീഷിലൂടെയാണ്. രണ്ടര കോടി കിട്ടുമെന്ന പ്രത്യാശ ലതീഷ് പങ്കുവച്ചു. മൂന്ന് മാസം മുമ്പ് ഒരു കോടി ലഭിക്കാന്‍ കാരണക്കാരനായ ലതീഷിന് ഇപ്പോള്‍ കൈയ്യിലെത്തുന്നത് രണ്ടര കോടിയാണ്.
കോടിപതി ശരത് ജോലിക്കെത്തി
25 കോടി അടിച്ച ശരതിന് 13 കോടിയോളം രൂപ കൈയ്യില്‍ കിട്ടും. തുറവൂരിലെ എസ്ബിഐ ബ്രാഞ്ചിലാണ് ശരത് ലോട്ടറി കൈമാറിയത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പണം എത്തുക. എല്ലാം ശരിയാകുമ്പോള്‍ അറിയിക്കാമെന്ന് ബാങ്കില്‍ നിന്ന് ശരതിനെ അറിയിച്ചിട്ടുണ്ട്. ശരത് ഇന്നും നെട്ടൂരിലെ പെയ്ന്റ് കടയില്‍ ജോലിക്ക് എത്തി.
ലോട്ടറി അടിച്ച പണം എന്തു ചെയ്യണം എന്ന് ശരത് തീരുമാനിച്ചിട്ടില്ല. വീട് പണിത വകയില്‍ കുറച്ച് കടങ്ങളുണ്ട്. അത് വീട്ടിയ ശേഷം ബാക്കി കാര്യം ആലോചിച്ച് തീരുമാനിക്കും. ആരും പണം ആവശ്യപ്പെട്ട് വളിച്ചിട്ടില്ലെന്നും ശരത് പറയുന്നു. തിരുവനന്തപുരത്ത് 25 കോടി അടിച്ച അനൂപിന് പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നവര്‍ നിരവധിയായിരുന്നു. അത്രയും പ്രയാസം ശരതിനില്ല. പണം കൈകാര്യം ചെയ്യേണ്ടത് എങ്ങനെ, ഭാവിയില്‍ സാധ്യതയുള്ള ചെലവുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലോട്ടറി വകുപ്പ് ശരതിന് നല്‍കുമെന്നാണ് വിവരം.












Click it and Unblock the Notifications