ഓണം അവധി തുണയായി: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോർഡിലേക്ക്
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോർഡിലേക്ക്. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ സെപ്തംബർ -4 ന് പ്രതിദിന വരുമാനം 8.79 കോടി രൂപയിലെത്തി. ഈ ഓണക്കാലത്ത് ആഗസ്റ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെ എസ് ആർ ടി സിക്ക് ലഭിച്ചത്. അതിൽ 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു.
ആഗസ്റ്റ് 26 ന് 7.88 കോടി, 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29 തിന് 4.39 കോടി, 30 തിന് 6.40 കോടി, 31 ന് 7.11 കോടി, സെപ്തംബർ 1 ന് 7.79 കോടി, 2 ന് 7.29 കോടി, 3 ന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം. കെ എസ് ആർ ടി സി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു.

ഇതിന് മുൻപ് 2023 ജനുവരി 16 ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന റെക്കോർഡ് വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. അതേസമയം ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്നുവരെയുള്ള ദിവസങ്ങളിൽ പത്തനംതിട്ട ഡിപ്പോയും മികച്ച കളക്ഷന്‍ നേടി. ഈ ദിവസങ്ങളിലെല്ലാം 10 ലക്ഷം രൂപയ്ക്കു മുകളിൽ ആയിരുന്നു വരുമാനം. 25ന് 11 ലക്ഷത്തിൽ തുടങ്ങി, 31ന് 14 ലക്ഷവും ഒന്നിന് 13.75 ലക്ഷവും വരുമാനം ലഭിച്ചു.
അതിനിടെ, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണല്‍ പെര്‍മിറ്റിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുമെന്ന് ആന്റണി രാജു അറിയിച്ചു. ഇന്നാണ് യോഗം.
ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐ പി എസ്, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും കെ എസ് ആര്‍ ടി സി. യിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും












Click it and Unblock the Notifications